എല്ലാം നശിച്ചൊടുവിലീ ഗതിയാകിലും
ഞാനുല്ലാസമാര്ന്നു നിജ ഭര്തൃപദാന്തികത്തില്
കല്ലായിതോ തവ മനസ്സതുപോലുമിപ്പോ
ളില്ലാതെയാക്കിയിവളെ കൊലചെയ്കയൊ ഹാ
പൊയ്ക്കൊള്‍ക തന്വീ വിധി നിശ്ചയമാണിതാറ്ക്കും
നീക്കാവതല്ല മരണത്തിനു മാറ്റമില്ല
കൈക്കൊള്‍ക മറ്റു വരമേതുമെനിയ്ക്കു നിന്റെ
ദുഃഖത്തിലുണ്ടു സഹതാപമതോര്ത്തു നല്‍കാം
ഞാനന്തകന് കഥ മറന്നു കടന്നുവന്നാല്‍
ദീനത്വമോറ്ത്തു വിടുകില്ല വൃഥാ ധരിക്കൂ
പ്രാണന് നിനക്കു പ്രിയമെങ്കിലുടന് തിരിച്ചു
പോണം തകര്ത്തുവിടുമൊക്കെയുമന്യഥാ ഞാന്‍
ഈയാര്ഷഭൂമിയുടെ സന്തതിയാണു ഞാനെന്‍
പ്രേയാന്‍ മരിക്കിലിനി മക്കള്‍ ജനിക്കുമെന്നോ
പോയാതിടാതെയുടനെന് പ്രിയനെ വെടിഞ്ഞു
പോയാലുമേകിയ വരം സഫലീകരിക്കാന്‍