പാണന്റെ വീണയ്ക്കു മണികെട്ടി
പൈങ്കിളി പോലൊരു തമ്പുരാട്ടി
താളക്കുടുക്കയ്ക്ക് പൊന്നു കെട്ടി
തളിരു പോലൊരു തമ്പുരാട്ടി (പാണന്റെ)
ഞാറ്റുവേല കാറ്റുകൊള്ളും ആറ്റുമാലി താഴ്വരയില്
വെണ്ണിലാവിന്‍ സ്വര്‍ണ്ണ വള്ളിയില്‍ വിരിഞ്ഞാടി വന്നവളെ
പട്ടു പുതപ്പിച്ച മഞ്ചലില്ല പാല്ക്കടലലക്കിയ പുടവയില്ല
വെഞ്ചാമരമില്ല മുത്തുക്കുടയില്ല വെള്ളിത്തളികയില്‍ പൂവില്ല
ഈ പാണന്റെ കുടിലിലേയ്ക്കെതിരേല്ക്കാന് പരവതാനി വിരിപ്പില്ല
മഞ്ഞൊണ്ട് കുളിരൊണ്ട് മാരന്റെ വില്ലുമ്മേലമ്പൊണ്ട് (പാണന്റെ)
കൈതയോല പൂമണക്കും കാട്ടിലൂടെ വന്നവളേ
മുത്തുകൊണ്ടു മുത്തുമൂടിയ മുലക്കച്ചയിട്ടവളേ
പത്തു നിലയുള്ള പന്തലില്ല പന്തലിലാവണി പലകയില്ല
പഞ്ചാമൃതമില്ല പള്ളിയറയില്ല പൊന്നും കിണ്ടിയില്‍ പാലില്ല
ഈ പാണന്റെ കുടിലില്‍ കിടന്നുറങ്ങാന്‍ പഞ്ചലോഹ കട്ടിലില്ല
മഞ്ഞൊണ്ട് കുളിരൊണ്ട് മാരന്റെ മാറത്തു ചൂടൊണ്ട് (പാണന്റെ)