കണ്പീലി നനയാതെ പുഞ്ചിരി മായാതെ
കണ്ണീര് ചൊരിയേണം കണ്ണീര് ചൊരിയേണം
ഒരു പെണ്ണായി മണ്ണില്‍ പിറന്നാല്‍ കണ്ണീര് ചൊരിയേണം
കരളിന്റെ കുമ്പിളില്‍ നിറയുമാ കണ്ണുനീര്
അരുതാരും കാണരുതേ കണ്ണുനീര്
അരുതാരും കാണരുതേ (കണ്പീലി)
മാരിവില്ക്കൈകളേ മാടി വിളിക്കേണ്ടീ
മാടപ്പിറാവുകളെ - ഒരു പൊന്നഴിക്കൂടാണീ ജന്മം
കനിവറ്റ ബന്ധത്തിന് കനികള്‍ തന് കയ്പെല്ലാം
മധുരമായ് നുകരേണം - കയ്പെല്ലാം
മധുരമായ് നുകരേണം (കണ്പീലി)
എന്തെന്തു മോഹങ്ങള്‍ എത്രയോ സ്വപ്നങ്ങള്‍
വിങ്ങിക്കരഞ്ഞാലും മണിപ്പൊന്‍വീണ മീട്ടി വരേണം
മണിവീണ മീട്ടുമ്പോള്‍ മനതാരിന്‍ നൊമ്പരം
വിരലുകളറിയരുതേ നൊമ്പരം വിരലുകളറിയരുതേ (കണ്പീലി)