രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത
തമസാതീരത്തു പണ്ടൊരിയ്ക്കല്‍ രണ്ടു
തങ്കക്കുടങ്ങളെ പ്രസവിച്ചു
അമ്മതന്‍ ഗദ്ഗദം താരാട്ടുപാടി
ആശ്രമപ്പുല്പ്പായില് മക്കളുറങ്ങി
അന്ത:പുരത്തിലെ ചന്ദനക്കട്ടിലില്‍
അവരുടെ അച്ഛനുറങ്ങി തോഴികള്‍
ആയിരം ചാമരം വീശി
ഭൂമിദേവി വയമ്പുകൊടുത്തു
താമരപ്പൂമകള് പൊന്നണിയിച്ചു
വാണീദേവി നിലത്തെഴുതിച്ചു
വാല്മീകി വേദം പഠിപ്പിച്ചു, അമ്മ
വില്ലും ശരവുമെടുപ്പിച്ചു!
അച്ഛനെക്കാണാതെ മക്കള്‍ വളര്‍ന്നു
അമ്മയ്ക്കാത്മാവിലഗ്നി പടര്‍ന്നു
അങ്ങനെയങ്ങനെയന്നൊരുനാളവര്
അവരുടെയച്ഛനെ കണ്ടു, ആ മാറി-
ലായിരം അമ്പുകളെയ്തു!
ആശ്രമത്തിലതമ്മയറിഞ്ഞു
അഞ്ജനക്കണ്ണില് കണ്ണീരുറഞ്ഞു
ആ മിഴിനീരിനുള്ളില് വിടര്‍ന്നു
മക്കള്‍ക്കു ചൂടാനല്ലിപ്പൂ, പിന്നെ,
യച്ഛനു നല്കാനഞ്ജലിപ്പൂ!