കൊച്ചുകുട്ടത്തീ കൊച്ചനിയത്തി
പച്ചിലക്കാട്ടില്‍ മറഞ്ഞുനില്ക്കല്ലേ
ആമലങ്കാട്ടില് കാട്ടുതീ വീണപ്പോള്‍
അച്ഛനുമമ്മയും വേര്‍പിരിഞ്ഞു
ഒരുമരക്കൊമ്പില്‍ രണ്ടോമനക്കുട്ടത്തി-
ക്കുരുവികളങ്ങൊരു കൂടുവച്ചു
കൊച്ചനിയത്തിയെ കൂട്ടിലിരുത്തി
കൊറ്റിനു കാട്ടില്‍ പോയിയേട്ടത്തി
പയര്മണികൊണ്ടു വറുക്കുവാന്‍ വേണ്ടി
പച്ചിലച്ചുള്ളിക്കു പോയിയേട്ടത്തി
ചട്ടിയില്‍ തീയിട്ടു ചൂടുയര്ന്നപ്പോള്
പൊട്ടിത്തെറിച്ചു പയര്മണിയെല്ലാം
കുട്ടത്തിക്കുഞ്ഞിന്റെയുള്ളം നടുങ്ങി
കൊച്ചേട്ടത്തിയും കൂട്ടില്‍ മടങ്ങി
കോപിച്ചു പയര്കട്ടു കള്ളിനീയെന്നവള്
കൊച്ചനിയത്തിയെ കൊത്തിയോടിക്കേ
ചെയ്തില്ല കള്ളം ഞാന്‍ കൊല്ലല്ലേയെന്നാ
ചെല്ലക്കുരുവി മിഴിപൂട്ടി മെല്ലെ
പിറ്റേന്നുതാനേ പയറുവറുക്കെ
തെറ്റവള്‍ കണ്ടതു പൊട്ടിത്തെറിക്കേ
കൂടപ്പിറപ്പിനെയോര്ത്തുകരഞ്ഞു
കാടായകാടെല്ലാം തേടിപ്പറന്നു
അമ്മയുമച്ഛനും പോയേപ്പിന്നെ
കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ
ഒരുകൊച്ചുപാത്രത്തില് ചോറുവിളമ്പി
ഒരുമിച്ചുറങ്ങിനാമീമരക്കൊമ്പില്
ഈ മരക്കൊമ്പില്‍ .....
പയറൊത്തിടാത്തതു നിന് കുറ്റമല്ല
വയറിന്റെ കൊതിമൂത്തു നീ കട്ടതല്ല
പാപി ഞാന്‍ തെറ്റിദ്ധരിച്ചതാണെല്ലാം
പറയാതെന്‍ പ്രാണനടങ്ങുകയില്ല