പല്ലനയാറിന് തീരത്തില്‍
പദ്മപരാഗ കുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു
വിപ്ലവഗാനം കേട്ടു
മാറ്റുവിന്‍ ചട്ടങ്ങളേ മാറ്റുവിന്‍ ചട്ടങ്ങളേ
മാറ്റുവിന്‍ മാറ്റുവിന്‍ മാറ്റുവിന്‍
കാവ്യകലയുടെ കമലപ്പൊയ്കകള്‍
കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ
ഒളികണ്ണെറിയുകയായിരുന്നൂ
പുരികക്കൊടിയാല് അവരുടെ മാറില്‍
പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിക്കുകയായിരുന്നു
പൂര്വ്വദിങ്മുഖമൊന്നു ചുവന്നു
പുതിയ മനുഷ്യനുണര്ന്നൂ
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയപ്രചോദനമുള്ക്കൊണ്ടു
ഖനികള്‍ ജീവിത ഖനികള്‍ തേടും
കലയുടെ സങ്കര വീഥികളില്‍
വീണപൂക്കളെ വീണ്ടുമുണര്‍ത്തിയ
ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളേ മാറ്റുവിന്‍
മാറ്റുവിന്‍ മാറ്റുവിന്‍