പൂജയും മന്ത്രവും കുത്തകയാക്കിയ
പൂണൂല്‍ക്കാരെ വഴിമാറൂ
വരുന്നു പുതിയൊരു പൂജാരി
വയലേലകളുടെ മക്കള്‍ ഞങ്ങള്‍
വയലരിയും ചെറുമക്കള്‍
കറുത്തമണ്ണിന്‍ മക്കള്‍ ന്ജങ്ങള്
കരുത്തുനേടി വരുന്നു
മാമൂല്‍കാക്കും കോവിലിനുള്ളിലെ
മാതേവരെ രക്ഷിക്കാന്‍
വഴിയില്‍ നടക്കാന്‍ പൊരുതിയ കഥകള്‍
വൈക്കത്തപ്പന് പറയും
മാറുമറയ്ക്കാന്‍ മാനം കാക്കാന്‍
മനുഷ്യരായി ജീവിക്കാന്‍
പൊരുതി ഞങ്ങള്‍ തലമുറയായീ
പോരാട്ടം തുടരുന്നു
പുതിയയുഗത്തിന് പൂജാമന്ത്രം
പഠിച്ചുണര്ന്നൊരു പൂജാരി
തിരുസന്നിധിയില്‍ വിളക്കു കൊളുത്താന്‍
തിരുമധുരം നേദിക്കാന്‍
മണ്ണില്‍ കേവല മനുഷ്യജാതിയില്‍
നിന്നു വരുന്നൊരു പൂജാരി
ഇന്നു വരുന്നൊരു പൂജാരി