പൂനിലാമഴ പെയ്തിറങ്ങിയ
രാത്രിമല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു
രാഗമാലിക ചൂടാം
ഇതളിതളായെന്നുള്ളില്‍
പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം
(പൂനിലാമഴ)
ഇമ്പം തുളുമ്പുമീണം
ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതകമഞ്ജിമയണിയും
ആതിരപ്പൊന്‍നക്ഷത്രം
പൂവിതള്‍ക്കുറി ചാര്‍ത്തുമ്പോള്‍
അരികില്‍ കനവിന് തേരിറങ്ങുമ്പോള്‍
പടരും പരാഗസൗരഭം
പകരം തരും വരം
അലിഞ്ഞു പാടാന്‍
(പൂനിലാമഴ)
ഓരോ വസന്തരാവും
പനിനീരണിഞ്ഞു നില്ക്കും
ഒരോ നിനവും നിറപറയോടെ
നിന് കിളിവാതിലിലണയും
കാല്‍ച്ചിലമ്പു കിലുങ്ങുമ്പോള്
കൈവളച്ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം
അലിഞ്ഞു പാടാന്‍
(പൂനിലാമഴ)