കുറുകിയും കൊക്കുരുമ്മിയും ഊഷ്മളസ്നേഹത്തിന്
നറുമുന്തിരിച്ചാര്‍ പങ്കിടുമിണക്കിളികളില്‍
ഒന്നുനിഷാദ ശരമേറ്റു പിടഞ്ഞുവീഴ്കേ
ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു
ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു
കുഞ്ഞിക്കാലുകുടഞ്ഞും ചിറകുവിടര്‍ത്തിയും
എന്‍ കരളില്‍ നിന്നിന്നു നീ കൊതികൊള്‍കേ
നിന്നോടൊത്തുയരും നിന് ശ്രുതിലയങ്ങളില്‍
നിന്നോടൊത്തു പാടും അഭൌമ മേഖലകളില്‍
അഗ്നികണികപോല്‍ ഞാന്‍ ജ്വലിച്ചുനില്ക്കും
കുഞ്ഞിക്കാലുകുഴഞ്ഞും ചിറകുതളര്‍ന്നും
എന്‍ മഞ്ജുമോഹങ്ങള്‍ നിലം പതിക്കേ
അന്നീ യക്ഷനിലുണരും മൂകദുഃഖങ്ങളില്‍
നിന്മനം പിടയുമോ അഭൌമ മേഖലകളില്‍
അശ്രുകണികപോല്‍ നീ തുളുമ്പിനില്‍ക്കുമോ?