കണ്ണീര്‍ക്കടലിനു കരയായിട്ടാ
കനകം കായ്ച്ചു കിടക്കണ നാട്
പെട്ടകമേറ്റി നടക്കും വ്യഥയുടെ
ഒട്ടകമൊടുവിലണഞ്ഞൊരു നാട്
ശരിയായിറ്റു നമുക്കതൊരൂര്
ഗള്ഫെന്നാണാ നാട്ടിനു പേര്
അവിടെപ്പോയവര് പലരില്‍ ചിലരുന്-
ണ്ടഹമ്മതികൊണ്ടു നികൃഷ്ടന്മാരായ്
ലക്ഷ്യം കാട്ടിപ്പറയും വാക്ക്
ലക്ഷത്തില്ക്കുറവില്ലകണക്ക്
അറബിച്ചിക്കവനൊടു കലശലായ് പുതുമോഹം
അറബിക്കുണ്ടവനോട് അതിനേക്കാളൊരു സ്നേഹം
കരിമത്തി പെറുക്കിക്കൊണ്ടലഞ്ഞവന് വെറും ചെക്കന്
കടന്നെത്തി അറേബ്യയില്‍ അവനിന്നു മഹാ ഊക്കന്‍
അയലാമത്തികള് നെത്തല് ചെറുകൊഞ്ചനിവയൊന്നും
അറിയില്ലെന്നുരചെയ്തു മിനുങ്ങുന്നുണ്ടവനിന്ന്
മൂന്നഞ്ചെഴുതിയ സിഗററ്റല്ലേ
ഞാന്നുകിടപ്പൂ ചുണ്ടിന്മേലെ
ഗ്യാസുനിറച്ചൊരു സിഗററ്റ് ലൈറ്റര്‍
കീശയിലൊപ്പം ഫോറിന് ലെറ്റര്‍
അറബിക്കവനവിടെത്തണമുടനെ
അതിനുടെ കത്തുണ്ടവനുരയുന്നേ
ഫോര്‍ ഫോര്‍ ത്രീയൊരു റ്റേപ് റെക്കോര്‍ഡര്‍
ഫോറിന് പലകുറിയതുപറയുന്നേ
പലപല തൊടിയും വയലും നോക്കി
വിലപറയാനൊരു നായരെയാക്കി
വാഴത്തോപ്പു വളപ്പുകള്‍ പിന്നെ
വാങ്ങില്ലവനിവയൊന്നും തന്നെ
അമ്പോ ശിവ! ശിവ! ഫോറിന് കരാ
മുന്പത്തെക്കഥയോര്ക്കുക വീരാ
എണ്ണക്കനിവൊഴുകുന്നൊരു നാടിനെ
വന്നിച്ചീടുക നീ പ്രിയതോഴാ
നാരായണജയ നാരായണജയ
നാരായണജയ നരകഹരേ