തീരാത്ത ദുഃഖത്തിൻ തീരത്തൊരുനാൾ
സ്ത്രീയായ് ദൈവം ജനിക്കേണം
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ മേയും
നാട്ടിൻ പുറത്ത് വളരേണം
പ്രാണസർവ്വസ്വമായ് സ്നേഹിച്ചൊരാളിനെ
പ്രണയ വിവാഹം കഴിക്കേണം
അവൾ അവനു വിളക്കായിരിക്കേണം
പെണ്ണിന്റെ ദിവ്യാനുരാഗവും ദാഹവും
അന്നേ മനസ്സിലാകൂ
ദൈവത്തിനന്നേ മനസ്സിലാകൂ
ആത്മ പ്രിയതമൻ ആയിരം കാതം
അകലെ തൊഴിൽ തേടി അലയേണം
അവൾ മെഴുകുവിളക്കായ് ഉരുകേണം
പെണ്ണിന്റെ കണ്ണീരിൻ താപവും ആഴവും
അന്നേ മനസ്സിലാകൂ
ദൈവത്തിനന്നേ മനസ്സിലാകൂ