ദേവീമയം സര്‍വ്വം ദേവീമയം എങ്ങും
ശക്തീമയം വിശ്വ ശക്തീമയം..
പാപ നിവാരണം തേടി
പരിതാപവിമോചനം തേടി
ധന്യേ നിന് പാദത്തില്‍ വന്നുവീഴുന്നു ഞാന്‍
കന്യാകുമാരിയിലമ്മേ..
ആറ്റുനോറ്റിന്നു ഞാന്‍ നിന്റെ നടയ്ക്കെത്തി
ആറ്റുകാലുള്ളോരമ്മേ..
കാട്ടിത്തരേണം എനിയ്ക്കൊരു മുന്‍വഴി
കാത്തുരക്ഷിക്കണം അമ്മേ..
ദിക്കായ ദിക്കെല്ലാം മിഥ്യാസുഖത്തിനായ്
ഇക്കാലമെല്ലാം അലഞ്ഞേ..
ശാര്ക്കരെ വാഴുന്ന ഭദ്രകാളീ നീ
ചേര്‍ക്കണം തൃക്കാലിലെന്നെ..
മുങ്ങിത്തളര്ന്നു ഞാന്‍ ജന്മദുഃഖങ്ങളില്‍
ചെങ്ങന്നൂര്‍ വാഴും ജനനീ..
അമ്പലമുറ്റത്തു വന്നുവീഴുന്നു ഞാന്‍
അമ്മതന്‍ ദര്‍ശനം തേടി..
വിമോഹനോജ്ജ്വല വിഗ്രഹസഹിതേ
കുമാരനല്ലൂര്‍ നാഥേ..
കൃപാകടാക്ഷ തണലിതിലടിയനു
ഇടം തരണം വരദേ..
ഓര്‍ത്തു ഞാന്‍ നിന്‍രൂപം ഉള്ത്താരിന് ക്ഷേത്രത്തില്‍
പേര്‍ത്തും പ്രതിഷ്ഠിച്ചു തായേ..
ചേര്‍ത്തലയില്‍ വാഴും കാര്‍ത്യായിനീ ദേവീ
ആര്‍ത്തിയും അല്ലലും തീര്‍ത്തീടേണം..
മാറ്റിയെന് മാനസ്സ വ്യാമോഹയവനിക
ചോറ്റാനിക്കര അംബികേ..
ജന്മജന്മാന്തര ദുഃഖങ്ങളകന്നിതെന്
അമ്മ വിളയാടും സങ്കേതത്തില്‍..
കൊട്ടിത്തുറന്നുവല്ലോ കോവിലിന് തിരുനട
കോടിലിംഗപുര ദേവീ
ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
കൊടുങ്ങല്ലൂരമ്മേ ജനനീ..
ദുരിതാന്ധകാരത്തില്‍
തിരുമാന്ധാംകുന്നിലൊരു
കരുണാനികേതം കണ്ടു..
അങ്ങാടിപ്പുറത്തെഴും അമ്മതന്‍ ദര്‍ശനം
കണ്ണിണയാല്‍ ഞാനുള്‍ക്കൊണ്ടു..
തോറ്റു തളര്ന്നവന് ജീവിത പരീക്ഷയില്‍
തോറ്റു തകര്ന്നവന് ജഗദംബേ..
ചിറ്റൂരമ്മതന് തിരുനട തുറന്നപ്പോള്‍
എത്തേണ്ട വിജയത്തില്‍ എത്തീ ഞാന്‍..
ശോകങ്ങളും സര്‍വ്വ മോഹങ്ങളും തീര്‍ക്കാന്‍
ലോകനാര്‍ക്കാവിന്റെ നട തുറന്നു..
ലോകവും കാണാത്തലോകവും കാക്കുന്ന
കാളിതന്‍ കടക്കണ്ണിന് നടതുറന്നു..
എല്ലാം വെടിഞ്ഞു ഞാന്‍
എത്തി നിന് തിരുമുമ്പില്‍
കൊല്ലൂരംബികേ മൂകാംബികേ..
അഭയം തേടുമീ ദേവീദാസനു
സ്വര്ലോകമല്ലോ നിന്നമ്പലം...