കൂട്ടുകാര്‍ നിന്നെവിളിപ്പതെന്തേ?
ചീതെയെന്നാണെന്റെ തമ്പുരാട്ടി
എന്തേ നിന്മേനി കറുത്തുപോവാന്?
ചെന്തീവെയിലില്‍ കരിഞ്ഞതാണേ
മാറിടമെന്തേ മറപ്പതില്ല?
കീറത്തുണിയൊന്നും കിട്ടിയില്ലേ
ആരാനും കാണുമ്പോള്‍ നാണമില്ലേ?
നാണിക്കാനെന്തുള്ളു തമ്പുരാട്ടി!
വേളിയിതേവരെയായതില്ലേ?
നാളെയടിയന്റെ വേളിയാണേ
അല്ലെയിതാരാണു ചീതയല്ലേ!
കല്യാണക്കാര്യങ്ങള്‍ കേട്ടിടട്ടെ!
കാട്ടുകൊമ്പഞ്ചാറു വെച്ചുകെട്ടി
കൂട്ടര് മുറ്റത്തൊരു പന്തലിട്ടു
പന്തലില്‍ വെള്ള വിരിച്ചതിന്മേല്‍
എന്തുവിതാനങ്ങള് ചെയ്തിരുന്നു?
വെള്ളയുമില്ല കറുപ്പുമില്ല
കീറ്റുപാ നീളെ വിരിച്ചിരുന്നു
വാദ്യഘോഷങ്ങളോടൊത്തു നിങ്ങള്‍
മണവാളനെ എതിരേറ്റതില്ലേ?
അങ്ങേരു പന്തലിലെത്തുവോളം
ചങ്ങാതി ശീലക്കുടപിടിച്ചു
താലികഴുത്തിലണിഞ്ഞ നേരം
നാണമായില്ലേ നിനക്കു ചീതേ?
ആര്‍പ്പും കുരവയും കേട്ട നേരം
അടിയനും സംഭ്രമമായിരുന്നേ
എന്തു നിറമാണയാള്ക്കു ചീതേ
അടിയനെപ്പോലെ കറുത്തിരിക്കും
ചന്തം തികഞ്ഞ പുരുഷനാണോ?
അങ്ങോരെനിക്കൊരു തേവരാണേ
നിങ്ങള്‍ പരസ്പരം നോക്കിയില്ലേ?
ഓട്ടക്കണ്ണിട്ടുഞാനൊന്നു നോക്കി
എന്തെല്ലാം നിങ്ങള്‍ പറഞ്ഞുതമ്മില്?
നാണിച്ചിട്ടൊന്നും പറഞ്ഞതില്ലെ
നിന്നെപ്പുലയന് വിളിപ്പതെന്തേ?
കണ്ണേ എന്നാണെന്റെ തമ്പുരാട്ടി
ഓമനെയെന്നു വിളിക്കയില്ലേ?
എന്നുവെച്ചാലെന്തു തമ്പുരാട്ടി?
അടിയനിതേവരെക്കണ്ടില്ലല്ലോ
കൊച്ചമ്പ്രാനെവിടെപ്പോയ് തമ്പുരാട്ടി?
അയ്യോ നീ തെറ്റിദ്ധരിച്ചുപോയി
ഞാനെന്നും കന്യകയാണുചീതേ
അഴകുള്ള തമ്പുരാന് വന്നിടുമ്പം
ആടിയനെ അന്നു മറക്കരുതേ
പണമുള്ള വീട്ടിലെ പെണ്മണിയായ്
ഇനിയാരുമയ്യോ ജനിക്കരുതേ