മുറ്റത്തു പ്രത്യൂഷദീപം കൊളുത്തുന്ന
മുഗ്ധയാം വാസന്ത മന്ദാരമേ
ആരാധനയ്ക്കായി കൈത്തിരി നീട്ടുന്ന
നേരത്തും കൈകള്‍ വിറയ്ക്കുന്നുവോ?
മാനസഗംഗാ പുളിനത്തില്‍
മധുര സ്മൃതിയുടെ തണലിങ്കള്
പൂപ്പാലിക ഒരുക്കാം ഞാനെന്‍
പൂജാമുറിയുടെ സവിധത്തില്‍
ഓരോ ദിവസവും ഓരോ സാഗരം
ഓരോ നിമിഷവും അതിന്നലകള്‍
എണ്ണിയെണ്ണി ഇരിപ്പൂ ഞാനീ
ഏഴുദിനങ്ങള്‍ പിന്നിടുവാന്‍
ആമ്പല്‍ പൊയ്കയില്‍ മധുമാസം
അന്തിവിളക്കു കൊളുത്തുകയായ്
പാരിജാത മലര്മാരിയുമായ്
പാര്‍വണശശി വന്നെത്തുകയായ്
നിന്നുടെ യജ്ഞം വിജയിക്കാന്‍
നിന് ജപനിഷ്ഠകള്‍ നിറവേറാന്‍
അടഞ്ഞ കോവില്‍ നടയില്‍ രാപ്പകല്‍
കാവലിരിപ്പൂ മമഹൃദയം