ആറ്റുനോറ്റുണ്ടായൊരുണ്ണി
അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുൻപിൽ
അമ്മ കുമ്പിട്ടുകിട്ടിയ പുണ്യം
ചോടൊന്ന് വെക്കുമ്പോൾ
അമ്മയ്ക്ക് നെഞ്ചിൽ
കുളിരാം കുരുന്നാകുമുണ്ണി (ആറ്റുനോറ്റു)
കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാം അമ്മ
മോതിരമിട്ടുതരാം
നാക്കത്ത് തേനും വയമ്പും തേച്ചമ്മ
മാറോട് ചേർത്തുറക്കാം
കയ്യ് വളരുന്നതും കാൽ വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം (2) (ആറ്റുനോറ്റു)
വീടോളം നീ തെളിഞ്ഞുണരുണ്ണീ
നാടോളം നീ വളര്
മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണീ
അമ്മയോളം നീ സഹിക്ക്
സ്നേഹംകൊണ്ടൊരു തോണിയുണ്ടാക്ക്
കാലത്തിനറ്റത്ത് പോകാൻ (2) (ആറ്റുനോറ്റു)