കാറ്റുചെന്നു കളേബരം തഴുകി
കാര്‍ത്തികപ്പൂക്കളുറങ്ങി - മൂകമെന്
പാട്ടുചെന്നു മനസ്സുതലോടി
പ്രേമഗൌതമനുറങ്ങി
നിശബ്ദതപോലും നെടുവീര്‍പ്പടക്കുമാ
നിദ്രതന്‍ ദിവ്യമാം മണ്ഡപത്തില്‍
എന്റെ ഹൃദയത്തുടിപ്പുകള്‍ മാത്ര-
മിന്നെന്തിനു വാചാലമായി! - അപ്പോള്‍
എന്തിനു വാചാലമായി!
എങ്ങിനെയെങ്ങിനെയൊതുക്കും ഞാന്‍
എന്നിലെ മദം പൊട്ടുമഭിനിവേശം!
സ്വപ്നങ്ങളൊക്കെയും ചുവര്ച്ചിത്രമെഴുതാതെ
നില്ക്കുമാസുഷുപ്തിതന് നീലിമയില്‍
എന്റെ ഹൃദയത്തിരിത്തുമ്പില് മാത്ര-
മിന്നെന്തിനീ ജ്വാലകള്‍ പൂത്തു!-അപ്പോള്‍
എന്തിനീ ജ്വാലകള്‍ പൂത്തു!
എങ്ങിനെയെങ്ങിനെ മറയ്ക്കും ഞാന്‍
എന്നിലെ ജ്വലിക്കുമീയഭിനിവേശം!