തേടുകയാണെല്ലാരും പക്ഷേ
നേടുവതെന്താണുലകത്തില്‍
തമസ്സിന്നുള്ളില് തപസ്സിരിക്കും
താമര കിരണം തേടുന്നു
കൊറ്റിനു വഴിയില്ലാത്തോരൊരുപിടി
വറ്റും തേടി പൊരിയുന്നു
വേരുകള്‍ വെള്ളം തേടുന്നു
വണ്ടുകള്‍ തേന്മലര് തേടുന്നു
ഇണയെത്തേടിയലയും മാനിനെ
ഇരയാക്കുന്നു മൃഗരാജന്
കൂട്ടംതെറ്റിപ്പിരിയുമൊരാടേ
കൂട്ടുതേടുവതെന്തിനു നീ
പുണ്യം തേടിപ്പോവുകയാണൊരു
പൂജിതനാകും സന്യാസി
തിരുടന്‍ പൊന്നിനു തേടുന്നു
ഭടനാ തിരുടനെ തേടുന്നു
തേടലിതെന്തൊരു തേടല്‍ മരണം
തേടുകയല്ലോ ജന്മത്തെ