രാഗം മാത്രം പാടിക്കഴിഞ്ഞു
രാത്രികിളികളുറങ്ങി
പാട്ടമ്പലത്തിന്റെ കോണില്‍ ഞാനെന്‍
പാടാത്ത വീണയുമായ് നിന്നൂ
അരയാല്‍ത്തറയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ കൊളുത്തിയ ദീപങ്ങള്‍
ഊതിയണച്ചതു കാറ്റോ എന്നിലെ
വേദനതന്നുടെ നിശ്വാസമോ?
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ
ആ....
ശ്രീകോവില്‍ നടയില്‍ ഇന്നലെ സന്ധ്യയ്ക്കു
ആരോ നിരത്തിയ പുഷ്പങ്ങള്‍
വാരിയെറിഞ്ഞത് പൂജാരിയോ എന്‍
പകലിലെ ദുഃഖത്തിന് തുമ്പികളോ
അറിയില്ല എനിക്കറിയില്ല
ആരാരുമെന്നോടു പറഞ്ഞില്ലാ