വര്‍ണ്ണപുഷ്പങ്ങള്‍ വാരിത്തൂകും
വസന്തസന്ധ്യകളേ
സ്വര്‍ണ്ണരഥങ്ങളിലെന്തിനു വന്നൂ
സ്വര്‍ഗ്ഗകുമാരികളേ
ഏഴു തിരിയിട്ട വിളക്കുകൊളുത്തി ഞാന്‍
എതിരേറ്റവളല്ലേ - നിങ്ങളെ
എതിരേറ്റവളല്ലേ
താമരവളയക്കൈകള്‍ കൂപ്പി
തപസ്സിരുന്നവളല്ലേ ( വര്‍ണ്ണപുഷ്പങ്ങള്‍)
ആരു നീ ആരു നീ
ആശ്രമകന്യകയാരോ നീ
അരുന്ധതിയോ.. അഹല്യയോ
അപ്സരസുന്ദരിയോ
കാശ്യപമുനിയെ കണ്ടുതൊഴാന്‍ വന്ന
കാനനദേവതയോ
ദമയന്തിയോ.. മൈഥിലിയോ
ദ്രുപദരാജപുത്രിയോ
ദേവഗുരുവിനെ പരിചരിക്കാന്‍ വന്ന
ദേവകുമാരികയോ (ആരു നീ)
പൂവമ്പന് കാണാത്ത വള്ളിക്കുടിലിലെ
പൂജാമലരായ് വിടര്‍ന്നവളാണു ഞാന്‍
മാലിനിതീരത്തെ പര്‍ണ്ണശാലയ്ക്കുള്ളില്‍
മാനോടൊത്തു വളര്‍ന്നവളാണു ഞാന്‍
ദേവേന്ദ്ര സദസ്സിലെ മേനക പ്രസവിച്ച
താപസപുത്രിയാം ശകുന്തളയാണു ഞാന്‍
കല്യാണരൂപനൊരാള് ചൂടി വലിച്ചെറിഞ്ഞ
കണ്ണീരില്‍ വീണു പോയ വനജ്യോത്സ്നയാണു ഞാന്‍ (പൂവമ്പന്)
വിരഹാഗ്നിയിലിട്ടെന്നോ
വിശ്വാമിത്രന്റെ പുത്രിയെ ! ! !
എരിഞ്ഞു ഭസ്മമായ് തീരുമവനെന് ശാപവഹ്നിയില്‍....
അന്നു ജനിച്ചനാള്‍ കാനനവീഥിയില്‍
എന്നെയുപേക്ഷിച്ചുപോയ മഹാമുനേ
അങ്ങയെക്കാള്‍ ക്രൂരനല്ലെന്റെ വല്ലഭന്
അങ്ങയെക്കാള്‍ പാപിയല്ല പ്രാണേശ്വരന്
അങ്ങേക്കറിയില്ലൊരച്ഛന്റെ വാത്സല്യ-
മങ്ങേക്കറിയില്ല, പുത്രിതന് വേദന
ശാപശരങ്ങള്‍ പ്രതിസംഹരിക്കുമോ
ദേവാ നിന് പുത്രി സനാഥയായ് തീരുമോ ?