ഏഴിമലയോളം മേലേയ്ക്ക്
ഏഴുകോലാഴം താഴേക്ക്
കോലത്തുനാടിന്റെ വക്കോളം
നാട്ടരയാലിന്റെ വേരുണ്ട്
വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം
നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട്
ആലുതെഴുത്തേടമാല്ത്തറക്കാവും
വാളും വിളക്കും മതിലുമുണ്ട്
അന്തിത്തിരിയുള്ള കാവിലെല്ലാം
തെയ്യം കുറിയ്ക്കുന്നു കുംഭമാസം
വെളിപാടുറങ്ങും മതിലകത്ത്
വിളികേട്ടുണരുന്നു കോലങ്ങള്‍
ഏഴിമലയടിവാരത്ത്
കോലത്തുനാടിന്റെ വക്കത്ത്
അന്തിത്തിരിയുള്ള പൂമാലക്കാവിലും
തെയ്യം കുറിച്ചു കുംഭമാസം
കോത്തിരി മിന്നിച്ചു
പള്ളിവാള് പൊന്നിച്ചു
പൊന്നും ചെമ്പകം മേലേരികൂട്ടി
ഉടയോല കീറി നിറമാല കെട്ടി
പൊന്നും ചാമുണ്ഡിപ്പൂമാലക്കാവ്
ആയിരം ചെണ്ടയും പന്തവും പന്തലും
ഞാനും ഞാങ്ങളും താളം മുറുക്കി
ചെണ്ടയ്ക്കുപിമ്പേ മത്തുപിടിച്ചുകൊ-
ണ്ടാടിയിരമ്പി നീലിയാര്തോട്ടം
കൂരയില്‍ കൂക്കിരിക്കുഞ്ഞുണരുമ്പോള്
മലയത്തിപ്പെണ്ണിന്റെ നിറകണ്ണു കണ്ട്
അമ്മയെക്കണ്ട് തിരുമുഖംകൊണ്ടു
ചാമുണ്ഡി കെട്ടുന്ന മലയംപണിക്കന്
ചെമ്മങ്കുന്നും കയറിയിറങ്ങി
വലത്തോട്ടു നീന്തും പുഴയില്‍ മുങ്ങി
തോരാഞ്ഞിക്കാട്ടിലിരുട്ടും നീക്കി
കുത്തുവിളക്കിന്റെ ചാലും നോക്കി
മലയംപണിക്കന്റെ കരിമെയ്യിലേക്ക്
കയറിയിറങ്ങി ചാമുണ്ഡി
നൂറുകലശം നുരഞ്ഞുപതഞ്ഞു-
കൊണ്ടായിരം കോമരം ആര്‍പ്പുവിളിച്ചപ്പോള്‍
അന്തിത്തിരിയന് തീയില്പ്പാഞ്ഞപ്പോളായിരം
മെയ്യുറഞ്ഞായിരം കയ്യുറഞ്ഞലറിത്തിളച്ചു ചാമുണ്ഡി
ഞാനേ മുന്നാലെയാര്പ്പുവിളിച്ചു
ഞാനേ കുത്തുവിളക്കു പിടിച്ചു
നാടും തേവരും കോമരം തുള്ളുമ്പോ
എനിക്കെന്റെ കോമരോം തുള്ളിക്കിതച്ചു
തകിടതകതിമി വലതുറഞ്ഞു തകിടതകതിമി ഇടതുറഞ്ഞു
കുതിച്ചോടി കനല്‍ക്കുന്നത്തുറഞ്ഞലറി ചാമുണ്ഡി
തീയിലേറിത്തടുത്തപ്പോ തീയിലല്ലോ കുതറിയലറി
മൂന്നുറഞ്ഞും താളമേറ്റും കോമരങ്ങളെയുതറിയല്ലോ
നാലുറഞ്ഞു തീത്തുള്ളി തീച്ചാമുണ്ഡി
ശീതമേറിത്തരിക്കുന്നെന്നിടറി വീണ്ടും വലതുറഞ്ഞു
നുരപതഞ്ഞു വലതുകത്തിക്കേറുമ്പോള് ഇടതുറഞ്ഞു
കുരുന്നോലക്കൊടി കരിഞ്ഞു മലര്ന്നലറി
തീയിലമറി തീച്ചാമുണ്ഡി തീച്ചാമുണ്ഡി
ഞങ്ങളാര്പ്പില്ക്കലമ്പുമ്പോള്
കോമരത്താന്‍ തുള്ളുമ്പോള്‍
ഓട്ടുകിണ്ടികള്‍ നുരപതഞ്ഞു
തീക്കണ്ണുകള്‍ ചുകചുകന്നു
മെയ്യോലച്ചുറ്റുകത്തിയു-
മായിരം മെയ്യ് മറിഞ്ഞിട്ടും
ആയിരം കാല് കുഴഞ്ഞിട്ടും
തളര്ന്നോടി തീയിലാടി തീച്ചാമുണ്ഡി
കാലപാശം തിരിമുറിഞ്ഞു
ഞങ്ങളലറിയ കോമരങ്ങള്‍
മുഖപ്പാളക്കണ്ണുപൊത്തി
പടുകരിന്തിരി പുകഞ്ഞപ്പോള്‍
ഉടയോലത്തട മുറിഞ്ഞു
അണിയലം തീപ്പുകഞ്ഞപ്പോള്
താളുപോലെ മെയ്യ് കുഴഞ്ഞു
ചതിത്തീയില്‍ മരിച്ചല്ലോ തീച്ചാമുണ്ഡി
ആകാശം പുകമണത്തു
ശ്രീലകം തൃക്കാതുപൊത്തി
കുരുതി വറ്റി കുടമുടഞ്ഞു
അകമടഞ്ഞു ആളൊഴിഞ്ഞു
താളമിടറിക്കണ്ണടച്ചു പൂമാല-
പ്പൂവൊഴിഞ്ഞു ചാമുണ്ഡിക്കാവില്‍
മേലേരിത്തീമാത്രം മലയോളം കത്തിനിന്നു
കനല്‍ക്കുന്നില്‍ ചേക്കേറി കനല്‍ക്കണ്ണും-
തുറിച്ചുംകൊണ്ടറുകൊല തീപ്പക്ഷിയലറി
കുത്തിച്ചുടു കുത്തിച്ചുടു കുത്തിച്ചുട്