കുമ്മിയടിക്കുവിന്‍ കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരെ
കുമ്പിട്ടുകുമ്പിട്ടു കുമ്മിയടിക്കുവിന്‍
കുമ്മിയടിക്കുവിന്‍ തോഴിമാരേ
പണ്ട് പണ്ട് പരാശരമാമുനി
കാളിന്ദീനദീ തീരത്തില്‍
കാളിപ്പെണ്ണിനെ കണ്ടുകൊതിച്ചൊരു
കഥപറഞ്ഞിന്നു കുമ്മിയടി (കുമ്മിയടിക്കുവിന്‍)
മുക്കുവപ്പെണ്ണേ കൊച്ചു മുക്കുവപ്പെണ്ണെ
അക്കരകടത്തുക നീ മുക്കുവപ്പെണ്ണേ
കൊച്ചു മുക്കുവപ്പെണ്ണേ
നേരമൊന്നുവെളുത്തോട്ടേ കാളിന്ദിയുണര്ന്നോട്ടേ
അക്കരെ കടത്തിറങ്ങാനാളുവന്നോട്ടെ
അഞ്ചാറാളുവന്നോട്ടെ
ആയിരമാളുകള്‍ കടത്തിറങ്ങണ കൂലിതരാം ഞാന്‍
എന്നാലും ഞാനൊറ്റയ്ക്കെങ്ങനെ കൂടെപ്പോരും
എങ്ങനെ കൂടെപ്പോരും
മുനിയുടെ കൂടെപ്പോരാനെന്തിനു പെണ്ണിനുപേടി?
വേണമെങ്കില്‍ പോകാം ഇച്ചെറു തോണിയിറക്കട്ടെ
ഇച്ചെറു തോണിയിറക്കട്ടെ(മുക്കുവപ്പെണ്ണേ)
കടത്തുകാരിപ്പെണ്ണേ പെണ്ണേ നിന്റെ പേരെന്താണ്?
കൊച്ചു കാളിപ്പെണ്ണ്
എന്റെകാളിപ്പെണ്ണേ പെണ്ണേ നിന്റെ പ്രായമെന്താണ്?
പതിനേഴ്
മധുരപ്പതിനേഴായിട്ടാരും മാലയിട്ടില്ലേ
നിന്നെ മാലയിട്ടില്ലേ?
കാണാന്‍ നല്ലമെയ്യഴകാരും കണ്ടു കൊതിച്ചില്ലേ
ഞാനറിഞ്ഞില്ല
സുന്ദരിനിന്മിഴി മീനിനെയാരും ചൂണ്ടയിട്ടില്ലേ?
ചൂണ്ടയിട്ടില്ലേ?
എനിക്കറിഞ്ഞൂടാ
നാക്കെടുത്താല്‍ മുത്തുകിലുങ്ങും നാണക്കുടുക്കേ
കവിളത്തുന്നീ നുണക്കുഴികള്‍ കവര്ന്നെടുത്തോട്ടേ?
അയ്യോ നാണമില്ലല്ലോ
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ?
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ?
തണുത്തകാറ്റില്‍ തനിച്ചിരുന്നിട്ട് കുളിരണ് കുളിരണ് ദേഹം
കിളുന്നുപൂവുടല് കണ്ടോണ്ടിരുന്നിട്ട് കോരിത്തരിക്കണ് മോഹം
അടക്കമുള്ള പെണ്ണാണ് ഞാന്‍ ആരും തൊടാത്ത പെണ്ണാണ്
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ?
ആരും കാണാതെ മാരന് വളര്ത്തുന്നൊരഴകിന്മുത്തുക്കുടമേ
എനിക്കു നിന്നെക്കണ്ടോണ്ടിരുന്നിട്ട് മനസ്സു മാറണ് പെണ്ണേ
മീന്‍പിടിക്കണ പെണ്ണാണ് ഇത് മീന്‍ മണമുള്ള മെയ്യാണ്
കടത്തുകാരിപ്പെണ്ണേ പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ
അയ്യയ്യേ മുനിമാരിത്തരമാളുകളാണോ?
കാളിന്ദിയിലിക്കിളികൂട്ടും കടത്തുകാരിപ്പെണ്ണേ
കളഭം കൊണ്ട് കുളിപ്പിക്കാം ഞാന്‍
കസ്തൂരിക്കുറി ചാര്‍ത്തിക്കാം
അയ്യയ്യേ അക്കരെയിക്കരെ ആളുകള്‍ കാണും
ഉത്തുംഗ ഹിമാചലമേ ഇത്തിരിമഞ്ഞുതരൂ
തെന്നലേ പൊന്മുകിലേ തെരവളച്ചു മറച്ചു തരൂ
മത്സ്യഗന്ധി പെറ്റുവളര്‍ത്തിയ മഹാമുനീശ്വരനേ
തരംഗഗംഗാതടങ്ങളില് ചിര തപസ്സിരുന്നവനേ
വിശ്വമഹാഭാരതമെഴുതിയ വേദവ്യാസനേ
പുഷ്പാഞ്ജലികളുമായി നില്പ്പൂ
പുണ്യഭാരത ഭൂമി.. പുണ്യഭാരത ഭൂമി...
അങ്ങനെയങ്ങനെയക്കഥ പാടി
കുമ്മിയടിപെണ്ണെ കുമ്മിയടി
പണ്ടത്തെപ്പാട്ടുകൾ പാടിപ്പാടി
കുമ്മിയടിപെണ്ണെ കുമ്മിയടി
(കുമ്മിയടിക്കുവിൻ)