തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം
താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍
വണ്ടുലഞ്ഞ മലര്പോലെ
വാര്നിലാവിനിതള്പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു
മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരുപോലെ തലോടാം
(തങ്കത്തിങ്കള്‍)
ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിനുള്ളില്‍ പ്രണയസരോദിന്‍ സാന്ദ്രമാം നാദം
കാതില്‍ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്
കാതരസ്വരമന്ത്രമുണര്‍ത്തും ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി തെളിവാനില്‍ മെല്ലെയുയരാന്‍ വാ
ശിശിരം പകരും പനിനീര്‍മഴയില്‍ വെറുതെ നനുനനയുമ്പോള്‍
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
(തങ്കത്തിങ്കള്‍)
പാല് ചുരത്തും പൗര്ണ്ണമിവാവിന് പള്ളിമഞ്ചത്തില്‍
കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ
പൂത്തു നില്ക്കും പുഞ്ചിരിമൊട്ടില്‍ നുള്ളിനോവിക്കാന്‍
കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുള്‍ മൂടാം
മുകിലിന് തണലില്‍ കനവിന് പടവില്‍ മഴവില്ച്ചിറകേറുമ്പോള്
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
(തങ്കത്തിങ്കള്‍)