പാടാം പാടാം ആരോമൽചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍
വീര കഥകള്‍ ധീര കഥകള്‍ അത്ഭുത കഥകള്‍ പാടാം (പാടാം...)
പന്ത്രണ്ടങ്കം പദവി തീര്‍ത്തു പതിനെട്ടങ്കം താരി താഴ്ത്തി
പുത്തൂരം വീട്ടിലെ കണ്ണപ്പചേകോര്‍ പുത്രനു കളരിയിലുറുമി നല്കി (പാടാം...)
തുളുനാട്ടില്‍ പോയി പഠിച്ചിറങ്ങി തുളുക്കുറ്റം തീര്‍ത്തു ചുരിക വാങ്ങി
പുത്തൂരംവീട്ടിലെ ആരോമല്‍ചേകവര്‍ പുത്തരിയങ്കം കുറിച്ചു വന്നു
ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ ചുരിക പരിചയെടുത്തു കൊണ്ടേ
ആരോമല്‍ ചേകവര്‍ അരുണോദയത്തില്‍ അങ്കത്തിനായി പുറപ്പെട്ടു (പാടാം...)
നാലും മൂന്നേഴു കളരിക്കാശാന്‍ കോലശ്രീ നാട്ടിലരിങ്ങോടര്
അരിങ്ങോടരുമായിട്ടങ്കം വെട്ടാന്‍ ആരോമല്‍ ചേകവര്‍ പുറപ്പെട്ടു
അച്ഛന് മകനെയനുഗ്രഹിച്ചു അമ്മ മകനെയനുഗ്രഹിച്ചു
മച്ചുനന്‍ ചന്തുവുമൊന്നിച്ചു ചേകോര് അങ്കത്തിനായി പുറപ്പെട്ടു (പാടാം...)
നഗരിത്തലക്കലെയങ്കത്തട്ടില് മയിലിനെ പോലെ പറന്നു കേറീ
അരിങ്ങോടരുമായിട്ടാരോമല് ചേകോര് ആറേഴുനാഴികയങ്കം വെട്ടി
ഇടമ്പിരി വലംപിരി തിരിഞ്ഞുവെട്ടി ഓതിരം കടകം പതിഞ്ഞു വെട്ടി
ആനത്തിരിപ്പു മറിഞ്ഞു വെട്ടി അങ്കപ്പരപ്പു പറഞ്ഞു വെട്ടി
ചുറ്റോടു ചുറ്റിനും വെട്ടും നേരം ചുരിക കണയില്‍ മുറിഞ്ഞു വീണു
മച്ചുനന്‍ ചന്തു ചതിയന്‍ ചന്തു മാറ്റച്ചുരിക കൊടുത്തില്ലാ (പാടാം...)
അരിങ്ങോടര് ചുരിക കൊണ്ടാഞ്ഞു വെട്ടീ ആരോമലിന്നു മുറിവു പറ്റീ
മുറിവിന്മേല് കച്ച പൊതിഞ്ഞു കൊണ്ടേ മുറിച്ചുരിക കൊണ്ടൊന്നു വീശി വെട്ടി
കരിഞ്ചേമ്പിന്‍ തണ്ടു മുറിക്കും പോലെ അരിങ്ങോടര് തന്റെ തലയറുത്തു
അരിങ്ങോടര് വീണു പിടഞ്ഞപ്പോള്‍ കുരവയുമാര്‍പ്പുമുയര്‍ന്നപ്പോള്‍
അങ്ക തളര്‍ച്ചയകറ്റുവാന്‍ ചേകോര് ചന്തൂന്റെ മടിയില്‍ തല ചായ്ച്ചു (പാടാം...)
ആണും പെണ്ണുമല്ലാത്ത ചതിയന്‍ ചന്തു ആരോമല്‍ മടിയില്‍ മയങ്ങുമ്പോള്‍
കച്ച പൊതിഞ്ഞു വച്ച മുറിവിന്മേലന്നു കുത്തുവിളക്കു കൊണ്ടാഞ്ഞു കുത്തീ...
വാഴുന്നോര്‍ നല്കിയ ചന്ദന പല്ലക്കില്‍ വേദനയോടെ വിഷമത്തോടെ
പുത്തൂരം വീട്ടില്‍ ചെന്നാരോമല് ചേകവര്‍ കച്ചയഴിച്ചു മരിച്ചു വീണു... [ഓ ...ഓ ... ഓ ...] (പാടാം...)
കത്തിക്കു ചന്തൂനെ വെട്ടി മുറിച്ചു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍
ആ കത്തിയും കൊണ്ടു വീണ്ടും വരുന്നു പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങള്‍ [ഓ .. ഓ .. ഓ ...] (പാടാം....)