വെയിലും മഴയും വേടന്റെ പെണ്ണുകെട്ട്
കാറ്റും മഴയും കാടന്റെ പെണ്ണുകെട്ട്
വേടന്റെ പെണ്ണുകെട്ട് മേടമാസത്തിൽ
കാടന്റെ പെണ്ണുകെട്ട് കർക്കിടകത്തിൽ
ആഹാ ആഹാ ആഹാ (വെയിലും...)
പുള്ളിപുലിയുടെ തോലുടുത്ത്
പുലിനഖമണിമാല മാറിലിട്ട്
വേടനൊരുങ്ങിവരും വേളിമലയോരത്ത്
വേളിനടത്താനാരുണ്ട് ആരുണ്ട് ആരുണ്ട്
ആന കടുവ കരടി സിംഹം കലമാൻ പൊന്മാൻ കാട്ടുതുമ്പി
കുരവയിടുന്നതു കുളക്കോഴി
മന്ത്രം ചൊല്ലാൻ മണിതത്ത
ഞാനും പോയാലോ അവിടെ ഞാനും പോയാലോ ? (വെയിലും..)
കാട്ടുകുളത്തിൽ കുളികഴിഞ്ഞ്
കാണുന്ന ചെവികളിൽ നുണ മൊഴിഞ്ഞ്
കാടനൊരുങ്ങി നിൽക്കും കരിയിലപ്പന്തലിൽ
കല്യാണം കാണാൻ ആരുണ്ട് ആരുണ്ട് ആരുണ്ട്
പാമ്പ് പന്നി കോഴി കീരി പഴുതാരകളുടെ പടയണിയും
ഓലിയിടുന്നത് നാടൻ നായ്
ഊണു വിളമ്പാൻ മിണ്ടാപ്പൂച്ച
ഞാനും പോയാലോ അവിടെ ഞാനും പോയാലോ ? (വെയിലും..)