പുലരാറായപ്പോള്‍, പൂങ്കോഴി കൂവിയപ്പോള്‍
പുതുമണവാളനൊന്നുറങ്ങിയപ്പോള്‍
കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം!
(പുലരാറായപ്പോള്‍)
പിറ്റേന്നു കാലത്തെന്റെ മെത്തയില്‍ പുരണ്ടൊരു
പിച്ചകമലര്മണം മായും മുന്‍പേ
മോതിരക്കൈപിടിച്ചു മാറത്തണച്ചും കൊണ്ട്
പാതിരാപ്പുള്ളുപോലെ പറന്നു മാരന് (2)
(പുലരാറായപ്പോള്‍)
ചന്ദനക്കുടത്തും നാള് വന്നെത്തുമെന്നു നമ്പി
എന്തെല്ലാം, എന്തെല്ലാം ഒരുക്കിവച്ചു!
കസ്തൂരിക്കളിപ്പാക്കും തത്തവാലന്‍ വെറ്റിലയും
പിറ്റേന്നെന് കണ്ണുനീരില്കുതിര്ന്നുപോയി (2)
(പുലരാറായപ്പോള്‍)