വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു
പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു
കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി
നീ മാത്രമെന്തേ വന്നില്ലാ...
(വട്ടയില)
പഞ്ചമിപ്പൂപ്പടവില് പാലാഴിപ്പൂങ്കടവില്
ഞാനിന്നു തോണിയിറങ്ങി...
പാതിരാപ്പാടത്തെ കസ്തൂരിപ്പൂങ്കാറ്റിന്
തേരില്‍ ഞാനരികിലെത്തി...
മുത്തണി രാവിന്റെ മൂന്നാംമുറത്തിലെ
മുത്തുകള്‍ നല്‍കാം ഞാന്‍
പൊന്നിലക്കുന്നിലെ പൂമഴമൊട്ടിന്റെ
മാല കൊരുക്കാം ഞാന്‍
നിന്നെ കാണാന്‍
ആളറിയാതിക്കരെയെത്തി ഞാന്‍
ഇക്കരെയെത്തി ഞാന്‍...
വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു
ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു
കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി
നീ മാത്രമെന്തേ വന്നില്ലാ...
വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത്
താനിരുന്നാടാന് വന്നു...
താനിരുന്നാടുമ്പോള് താളം പിടിക്കുമ്പോള്‍
താനേ മറന്നുപോയ് ഞാന്‍...
താരണിച്ചുണ്ടിലെ മുത്തമിറുത്തെന്റെ
മാറിലണിയാം ഞാന്‍
ആ മണിച്ചൂടിലെന് നെഞ്ചിലെ
മുല്ലപ്പൂമൊട്ടു വിരിക്കാം ഞാന്‍
ആരും കാണാതീവഴി വന്നൊരു
ഗന്ധര്വനല്ലോ നീ...
വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു
ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു
കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി
നീ മാത്രമെന്തേ വന്നില്ലാ...