പൂര്ണ്ണേന്ദുദീപം മനസ്സില്‍ തെളിഞ്ഞിട്ടും
കൂരിരുള്‍ പിന്നെയും ബാക്കി
ദാഹത്തിന് സാഗരം അലമുറകൊണ്ടിട്ടും
മൂകത പിന്നെയും ബാക്കി
(പൂര്‍ണ്ണേന്ദു)
വിരലിന്റെ ലാളനമേറ്റിട്ടും പാടുവാന്‍
വീണേ നിനക്കില്ല യോഗം
ചുണ്ടോടണഞ്ഞിട്ടും ചുംബനമേല്‍ക്കുവാന്‍
പൂവേ നിനക്കില്ല ഭാഗ്യം
(പൂര്‍ണ്ണേന്ദു)
കുടിനീരു പെയ്യാത്ത വന്ധ്യമേഘത്തിലും
മഴവില്ലു ചാര്‍ത്തുന്നു കാലം
തീയില്‍ ദഹിക്കുവാന്‍ മാത്രമായ് തുമ്പിക്ക്
പൂഞ്ചിറകേകുന്നു കാലം
(പൂര്‍ണ്ണേന്ദു)
പാടാന്‍ പഠിപ്പിച്ചു വാനമ്പാടിയെ
കൂട്ടില്‍ കൊരുക്കുന്നു ദൈവം
നാഭിയില്‍ കസ്തൂരി ചേര്‍ത്തു പൊന്മാനിനെ
കൊല്ലാന്‍ കൊടുക്കുന്നു ദൈവം
(പൂര്‍ണ്ണേന്ദു)