1.
പങ്കജനയനേ മാനിനി മൗലേ
മംഗലാംഗന്‍ മാവേലിയും വന്നല്ലോ രൈ തൈ
കരിമുകില്‍ നിരനീങ്ങി കുളുര്മാനം തെളിഞ്ഞു
മലയാളത്തെളിമണ്ണു മലരാടയണിഞ്ഞു
ആറുകള്‍ തെളിഞ്ഞു ആവണിയണഞ്ഞു
അത്തപ്പൂക്കളം എവിടെയും നിരന്നു
(പങ്കജ)
2.
കുണ്ടുകിണറ്റില്‍ കുറുവടിപോയാല്
കമ്പിട്ടെടുക്കും കുമ്മാട്ടി
എത്താം കൊമ്പത്തു എളം പുളിഞ്ഞ
എത്തിപ്പിടിക്കും കുമ്മാട്ടി
ഓലച്ചക്രം എത്തം കേട്ടാല്‍
ഓടിക്കേറും കുമ്മാട്ടി
3.
നാണം കുണുങ്ങി തല കുനിക്കും
ഓണപ്പുതുപ്പൂക്കള് പോലെ നില്ക്കൂ
നാരിമാരേ ഇന്നു കുന്നലനാടിന്റെ
നായകന് മാവേലി വന്നിറങ്ങി
പൊന്നോണക്കോടിയുടുത്തതില്ലേ
കല്യാണധാമനെ കണ്ടതില്ലേ
പുഷ്പരഥത്തിലെഴുന്നള്ളും ദേവനു
പുത്തരിപ്പായസം നല്കിയില്ലേ - ഇന്നു
പുത്തരിപ്പായസം നല്കിയില്ലേ
4.
തൃക്കാക്കരയപ്പാ പടിയ്ക്കലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
(തൃക്കാ)
മുക്കുറ്റിമലര് ചൂടി മുറ്റത്തു വായോ
പൊന്നോണ വില്ലിന്റെ തുടികൊട്ടാന്‍ വായോ
(തൃക്കാ)