വാനിലുദിക്കും വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം
പാൽക്കടലല്ലൊ നമ്മുടെയമ്മ
തായ്‌വഴിയൊന്നേ നാമറിവൂ
അമ്പിളിയായാൽ അങ്കവുമഴക്
ആമ്പലിനും നിൻ പുഞ്ചിരിയമൃത്
നീയെന്മിഴിയിൽ നിറദീപം (വാനിലുദിക്കും)
കുഞ്ഞായ് ഞാൻ മാറുമ്പോൾ നീയെൻ കുഞ്ഞേച്ചി
ഒരുകുന്നായ് ഞാൻ വളരുമ്പോൾ വല്ല്യമ്മപ്പക്ഷി
ഇളവെയില് പോലെ നീവന്നെൻ തലതോർത്തുമോ
വിരൽതൊട്ടു കഖഗഘങ്ങ എഴുതിക്കുമോ
ഒരുതോരാമഴയായ് ഒരുതീരാകടമായ്
നീയെന്നിലെയെന്നെയുണർത്തിവളർത്തിയ ദേവതയായ് (വാനിലുദിക്കും)
ദൂരങ്ങൾ ചെന്നാലും ചാരത്തല്ലോ നീ
ഒരു താരാട്ടിൻ താളത്തിൽ അമ്മച്ചന്തം നീ
മുകിലായി മൂടും ദു:ഖങ്ങൾ വഴിമാറുമോ
തണലായി വാഴും സ്നേഹത്തിൻ മിഴിതോരുമോ
മണിദീപം തെളിയാൻ മലർമുറ്റം മെഴുകാൻ
നീ പൊൻതറവാട്ടിലെ മംഗളപൌർണ്ണമിയായ് വരുമോ (വാനിലുദിക്കും)