തേന്‍മുള്ളുകള്‍...
സ്മരണകള്‍ തേന്‍മുള്ളുകള്‍
അവയുടെ മധുരിമ നുകരുക
മുറിവുകള്‍ പകരുക
അരുണിമ പുല്‍കുക നീ തോഴീ
നീലവാനം ഹേമവര്‍ണ്ണമണിവതു്
വാസരാഗ്നി പൊലിയും ദുഃഖവേദിയില്‍
(തേന്‍മുള്ളുകള്‍)
പൊന്നും പൂവുകളും കൊഴിയും
സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ
ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍
വിടചൊല്ലി നാം - വിരഹിണീ
ഒരു ചെറുകിളിയുടെ ഹൃദന്തവേദന
ഉരുകിയ ഗാനം തുളുമ്പവേ
ഉയിരാലകലാന്‍ കഴിയാത്തവര്‍ നമ്മള്‍
(തേന്‍മുള്ളുകള്‍)
വാനവീണകളില്‍ ദേവഗീതികകള്‍
പൂക്കുന്നുവോ - പ്രിയസഖീ
കൂരിരുട്ടിലൊരു താരമെന്‍
നിളയെ തഴുകുന്നുവോ, അനുപമ-
മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍
നറുമലരുകളായ് വിടര്‍ന്നുവോ
കനവും കനലും പകരുന്നിതു പ്രണയം
(തേന്‍മുള്ളുകള്‍)