ആദിയില്‍ മത്സ്യമായി ദേവന് അവതരിച്ചു വേദങ്ങള്‍ വീണ്ടെടുത്തു
ആഴിയില്‍ താണുപോയ മന്ധരപര്‍വ്വതത്തെ ആമയായ് ചെന്നുയര്‍ത്തി
വന്നു വരാഹമായ് ആ ഹിരണ്യാക്ഷനെ കൊന്നു വിശ്വത്തെ രക്ഷിച്ചു ദേവന്
ഭക്തനാം പ്രഹ്ളാദനെതുണചെയ്യുവാന് ഉഗ്രനരസിംഹമൂര്‍ത്തിയായി
മൂവ്വുലകും മൂന്നടിയായ് അളന്നൊരു വാമനനായങ്ങവതരിച്ചു
വിശ്വം ജയിക്കും പരശു ധരിച്ചൊരു ക്ഷത്രിയ വൈരിയാം രാമനായി
മര്‍ത്ത്യജന്മത്തിന്റെ ദുഃഖങ്ങളാകവേ മുത്തിക്കുടിച്ച വൈദേഹീരമണനായി
കന്നിനിലങ്ങള്‍ക്കു രോമാഞ്ചമേകിയ പൊന്നിന് കലപ്പയേന്തും ബലരാമനായി
ഒരഷ്ടമീരോഹിണി നാള് ഒരു കാരാഗൃഹം തന്നില്‍ ഒരു ദിവ്യശിശുവായി നീയവതരിച്ചു
മയില്‍പ്പീലിമുടിചൂടി മണിമുരളികയൂതി മധുരയില്‍ മുകില്വര്ണ്ണന് ആവതരിച്ചു
തളയും വളയും കിലുങ്ങിയാടി തളിരടി താണ്ഢവ നൃത്തമാടി
കാളിന്ദിയാറ്റില്‍ വിഷംകലര്‍ത്തീടിന കാളിയ ദര്‍പ്പം അടക്കിയാടി
കണ്ണന് കാളിയ ദര്‍പ്പം അടക്കിയാടി
കൊടിയൊരു പാമ്പിന്റെ പത്തിതാഴിത്തി അതിന്മേല് ആനന്ദ നൃത്തം ആടി
കാര്‍മുകില്‍ വര്ണ്ണന് മുരളിയൂതി അതു കാണുവോര്‍ കാണുവോര്‍ കൈകള്‍കൂപ്പി
മിഴിക്കോണുകള്‍ ആയിരം പൂക്കള്‍ തൂകി
കേശപാശമണിയുന്ന പീലികളുലഞ്ഞു കുണ്ഢലമുലഞ്ഞു
പൂമാലമുത്തുമണിമാല മാറില്‍ അതിരമ്യമായിളകിയാടിയും
മഞ്ഞചുറ്റി മണികാഞ്ചി ചാര്‍ത്തി കനകച്ചിലമ്പുകള്‍ ചിരിച്ചു
നന്മഞ്ചുഹാസമൊടു രാസകേളിയതിലുല്ലസിച്ചതു മഹോഭവാന്‍
ഉല്‍ക്കട ദുഃഖങ്ങള്‍ തേങ്ങും യുഗാന്ത്യത്തില്‍ കല്കിയാവുന്നൂ ഭവാന്