ശൈവസങ്കേതമേ വൈഷ്ണവാചാരമേ
സച്ചിദാനന്ദമേ ദൈവമേ
കുംഭനും വേലനും തമ്പിയാം ബാലനേ
കുമ്പിടാം പന്തളം ദാസനെ
വിഷ്ണുവിന്‍ മായയോ ശങ്കരന്‍ ലീലയോ
വാവരിന്‍ തോഴനോ ആരു നീ
അച്ഛനാരപ്പനേ അമ്മയാരപ്പനേ
കൈതൊഴാം പമ്പയില്‍ ജാതനെ
കാനനം കാത്തിടണം കേരളം പോറ്റിടണം
നെഞ്ചകം വാണരുളും സ്വാമിയേ
അത്തലില്‍ തുഴഞ്ഞിടും ഭക്തരില്‍ കനിഞ്ഞിടും
മുക്തിതന്‍ സനാതനസത്യമേ
മണ്ഡലംവ്രതങ്ങളില്‍ അഞ്ജലീജപങ്ങളില്‍
സംക്രമം വണങ്ങുവാന്‍ വരുമ്പോള്‍
കണ്ണിലും തിളങ്ങണേ കാതിലും മുഴങ്ങണേ
ചുണ്ടിലും വിളങ്ങണേ പൊരുളേ
വാഴ്ത്തിയും വണങ്ങിയും പാടിയും പുകഴ്ത്തിയും
കാട്ടിലൂടലിഞ്ഞിവര്‍ വരുമ്പോള്‍
സത്യമാം പടിയ്‌ക്കുമേല്‍ ഭദ്രമാം നടയ്ക്കുമേല്‍
മുദ്രയാം വിളക്കു കണ്ടിടുമ്പോള്‍
ഭക്തമാനസങ്ങളില്‍ ശുദ്ധമായുറഞ്ഞ നെയ്യ്
തൃപ്തരായെറിഞ്ഞുടച്ചിടുമ്പോള്‍
താന്തമാം മലയ്‌ക്കുമേല്‍ ശാന്തമായുയര്‍ന്നിടും
കാന്തിജ്യോതിരൂപമേ തൊഴുന്നേന്‍
ആയിരം കരങ്ങളില്‍ ആയിരം മുഖങ്ങളില്‍
ആയിരം വരങ്ങളും തരണേ
ആയിരം പദങ്ങളില്‍ ആയിരം സ്വരങ്ങളില്‍
ആയിരം ജപങ്ങളും തരണേ
അമ്പൊടും വില്ലൊടും പൊന്നമ്പലം വാണരുളും
തമ്പുരാനുള്ളുരുകി ശരണം
വില്ലിടും ചൊല്ലൊടിതാ മല്ലിടും മല്ലരിവര്‍
കല്ലിടുംകുന്നു കടന്നിടുന്നേന്‍
കാട്ടിലെ വന്‍പുലിയെ കാത്തിടും ശംഭുസുതാ
നാട്ടിലെ മണ്‍പുലികള്‍ തൊഴുന്നേ
സന്നിധാനത്തിലെഴും ശബരിപീഠത്തില്‍ വീഴും
ശതശരംകുത്തികളായിടുന്നേ
അഴുതയും കഴുതകളും തഴുതയും തൊഴുതുവരും
വഴികളില്‍ മിഴിയുഴിയും അഴകേ
കുഷ്ഠനും കൂനനുമങ്ങിഷ്ടസങ്കീര്‍ത്തനമേ
ചിത്തനെയ്പ്പായസ തല്‍പരനേ
വാഴുവോര്‍ ആശയവും വീഴുവോര്‍ ആശ്രയവും
കേഴുവോര്‍ ആശ്രമവും പണിയും
മാനിനും മാനവനും മീനിനും മീനവനും
പാരിനും താരകനും പ്രിയനേ
നെഞ്ചിലെ കാടുകളെ കാക്കണേ
മാമലയില്‍ വാസനേ മാമകരത്തിടമ്പേ
ഞങ്ങളില്‍ ഞങ്ങളെ നീ ഞങ്ങളാക്കീടണമേ
ശ്രീധരാ ശങ്കരസംഭവനേ (ശൈവ)
സ്വാമിയേ ശരണമയ്യപ്പാ
പമ്പയില്‍ ജാതനേ ശരണമയ്യപ്പാ
പന്തളദാസനേ ശരണമയ്യപ്പാ
സത്യമാം പൊന്നുപതിനെട്ടാം പടിമുകളില്‍ വാണരുളും
അഖിലാണ്ഡകോടി ബ്രഹ്മാണ്ഢനായകനേയ് ശരണമയ്യപ്പാ
ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേയ് ശരണമയ്യപ്പാ