ങ്ഹുഹു..ങ്ഹുഹു..ങ്ഹൂം...
കോലക്കുഴലിന്റെ നാദം -പോയ
കാലത്തിന് തേങ്ങലായ് കാറ്റില്‍
ദാരുണമേതോ വിഷാദം ഇന്നീ
ദ്വാരക തന്നില്‍ പരന്നൂ(ദാരുണമേതോ)
ശാപത്താല്‍ ഗാന്ധാരി ചെയ്ത കൊടും-
പാപം പൊറുക്കണേ കണ്ണാ...കണ്ണാ
കണ്ണീര് മണിമയ മാല്യം ഞങ്ങള്‍
കണ്ണനായ് കാഴ്ച വയ്ക്കുന്നൂ
മാനവധര്മ്മത്തിന് നന്മ -എല്ലാ
മാനിനിമാര്ക്കും ലഭിക്കാന്‍
മാനിച്ച കാരുണ്യകര്‍മ്മം കണ്ട്
മാനിച്ചെടുത്തീല ഞങ്ങള്‍
സര്‍വാപരാധം പൊറുക്കൂ-സ്നേഹ
സര്‍വ്വസ്വമല്ലേ നീ കണ്ണാ..കണ്ണാ..
കാകളി പാടും കുയിലിന് -നാദ
മാധുരി ശോകാര്ദ്രമായീ
പുഞ്ചിരിക്കാറുള്ള പൂക്കള്‍ ഇട-
നെഞ്ചുരുകി കരയുന്നു
മഞ്ഞുകണങ്ങളാം കണ്ണീര് വീണു
മങ്ങുന്നു പൂവിതളെല്ലാം
ഇന്നീ പ്രപഞ്ചത്തിന് ദുഃഖം ഞങ്ങള്‍-
ക്കുള്ളില് വിതുമ്പുന്നു കണ്ണാ..കണ്ണാ..