മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു