താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍!
കന്നിനിലാവുമിളവെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചുഞങ്ങളുറങ്ങും ഉറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം
ഗ്രാമാന്തരംഗയമുനയില് പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്നങ്ങള്‍ ചേര്ന്നുമ്മവെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലെ!
രോമഹര്‍ഷങ്ങള്‍ മൃദുപരാഗങ്ങളി-
ലോമനനൃത്തങ്ങളാടും
എന്നുമാക്കല്ലോലിനിയില് ഹംസങ്ങള്‍
പോലെന്നനുഭൂതികള്‍ നീന്തും
എന്നനുഭൂതികള്‍ നീന്തും
ഓരോ പരാഗവുമെന്നിലെത്തീയില്‍ വെ-
ച്ചൂതിത്തനിത്തങ്കമാക്കും
അത്തങ്കമുരുക്കിയുണ്ടാക്കിയ തന്ത്രികള്‍
എന്‍ മണിവീണയില്‍ പാകും
തന്ത്രികളുതിര്‍ക്കും നാദനിറങ്ങള്‍
ചാലിച്ചുചാലിച്ചു കൂട്ടി
ചിട്ടപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവര്ണ്ണോജ്വല ചിത്രം
സപ്തവര്ണ്ണോജ്വല ചിത്രം!