പ്രപഞ്ചം സാക്ഷി, സൂര്യചന്ദ്രന്മാര് സാക്ഷി
തപ്തനഗരം സാക്ഷി, അശ്രുസാഗരം സാക്ഷി
പറയാം ദുഃഖം നിറഞ്ഞൊഴുകും സീതായണം
പറയാം മുടങ്ങിയ പുത്രകാമേഷ്ടീസത്യം
ശത്രുവാല്‍ വലംകണ്ണും മിത്രത്താലിടംകണ്ണും
ചൂഴ്ന്നുപോയൊരെന്
ദുഃഖം കേള്‍ക്കുമോ മണിക്കുഞ്ഞേ
എങ്ങാനുമൊരു കുഞ്ഞിന് പാദനിസ്വനം കേട്ടാല്‍
താലോലിച്ചണയ്ക്കുവാന് നിന്നെ ഞാന്‍ കാതോര്‍ക്കയായ്
കൈവളക്കിലുക്കത്തില് ഉള്‍ക്കണ്ണു നിന്നെക്കണ്ടു
ചേറിലെ ചെന്താമരപ്പൂമൊട്ടില് നിന്നെത്തൊട്ടു
തൂലികത്തുമ്പത്തെന്നും നീയാണെന്‍ ജീവാക്ഷരം
എന്‍ വീണ വിതുമ്മുമ്പോള്‍ നിന് മൗനം ആര്‍ദ്രസ്വരം
ശത്രുവാണച്ഛന് പക്ഷേ, നിന്നെയീ ഹൃദയത്തില്‍
താലോലിച്ചുറക്കാതെയുറങ്ങീലൊരു രാവും
ദുഷ്ടനാണച്ഛന് പക്ഷേ, നിന് മുഖശ്രീയില്‍ മുങ്ങി
മിഴികള്‍ തുളുമ്പാതെ ഉണര്ന്നില്ലൊരുനാളും
നിനക്കു നല്‍കാം കുഞ്ഞേ വിശുദ്ധദിഗംബരം
നെറ്റിയില്‍ തൊടാം രക്തസിന്ദൂരം, സ്വപ്നം, വ്യഥ
നിന്നെയൊന്നോര്മ്മിക്കാതെ ഉണ്ടിട്ടില്ലിന്നേവരെ
അച്ഛന്റെ ശിഷ്ടായുസ്സും നിനക്കായ് വര്‍ഷിക്കാം ഞാന്‍
നല്കുകെന് മകളെ നിന്റെ യാതനാവിഷപാത്രം
പോകുകെന് കുഞ്ഞേ എന്നെയിവിടെ ത്യജിക്കുക
പാഥേയം ബലിച്ചോറായ് മണ്ണിതില്‍ വര്‍ഷിക്കുക
ദണ്ഡസാക്ഷിയാം കണ്ണീര്‍ക്കടലില്‍ കുളിക്കുക
പാപിയാണച്ഛന് പക്ഷേ, പിന്‍വിളി വിളിക്കില്ല
കാണുവാന്‍ വയ്യെന് മുത്തേ നിന്റെയീ ദുഃഖജ്വാല