ഉണ്ണി വിരിഞ്ഞിടും കണ്ണിമാങ്ങാ കണ -
ക്കുണ്ണികള് ഇല്ലത്തെ മുറ്റത്തു കാണ്കിലോ
കണ്ണിനതില്പ്പരം കര്പ്പൂരസാരമാ -
യെണ്ണിടാനെന്തുണ്ടു നണ്ണുവിന്‍ ലോകരേ
രണ്ടു പേരെ തോളിലേറ്റാമിനിയുള്ള
രണ്ടു പേരെ എളി രണ്ടിലും വച്ചിടാം
രണ്ടു പേര് പിച്ച കളിച്ചു വീണീടാതെ
മുണ്ടിന്റെ തുമ്പില്‍ പിടിച്ചു നടന്നിടും
മൂത്തവര്‍ മൂന്നു പേര് കൈകോര്‍ത്തു മുന്നിലും
മുറ്റത്തു ചാടിക്കളിച്ചു നടന്നിടും
കൊഞ്ചുമൊരുവന് കുഴയുമൊരുത്തി
തന് പിഞ്ചു കരം പഞ്ചസാരയ്ക്കു നീട്ടിടും
അമ്മയേക്കാളുമെനിക്കിഷ്ടമച്ഛനെ -
ന്നമ്മിണിപ്പൈതല് മൊഴിവതു കേള്‍ക്കവേ
അമ്മയ്ക്കു മുഞ്ഞി വീര്‍ക്കുന്നതു കണ്ടു കണ് -
ചിമ്മി അടവുകള്‍ കാട്ടിച്ചിരിച്ചിടും
ചാഞ്ചക്കം മരം വെട്ടി ചതുരത്തില്‍ പടിയിട്ടു
ചാഞ്ചാട്ടം ചെരിഞ്ഞാടിത്തഞ്ചത്തില് ചിരിക്കുമ്പോള്‍
തേഞ്ചോരി വായ് മലരില്‍ പഞ്ചാരയുമ്മ വെക്കാന്‍
ഞാന്‍ ചെല്ലുന്നേരമോടിത്തഞ്ചത്തില് മാറി നില്ക്കും
ഇത്തരമോരോന്നു ചിന്തിച്ചു ചിന്തിച്ചു
അത്തനം തന്നില്‍ സസുഖം കഴിയവേ
പത്താമതായ് ഗര്‍ഭമുണ്ടായി വിപ്രന്റെ
പത്തനാടിയ്ക്കന്നു ഭാഗ്യമാണ്ടാകവേ
പത്താമനുണ്ണിയെയെങ്കില് ഒരാ -
പത്തു വരാത തരേണമെന്നിങ്ങനെ
ഭക്താനുകമ്പിയാം കൃഷ്ണന്റെ മുമ്പിലാ -
ഭക്തശിരോമണി ചെന്നേവമോതിനാന്
ഭക്തപരായണാ പാഹി നാരായണ
നിത്യം ശരണം ശരണാഗതപ്രിയാ
പത്താമതുമെന്റെ പത്നിയ്ക്കു ഗര്ഭമായ്
പത്തും തികഞ്ഞു പരവശയായിതു