ശ്രാവണന്ധ്യതന് നീളും നിഴല്‍-
മൂടിയീ വഴിത്താരയിരുണ്ടൂ
പാട്ടിന്റെ തേന്‍കുടമേന്തി
നീയെത്തുമെന്നോര്ത്തു
ഞാന്‍ പിന്നെയും നിന്നു
(ശ്രാവണ...)
വന്നു നീയെങ്കിലും നിന്നിലെ ശാരിക
നൊമ്പരം കൊള്ളുന്നതെന്തേ
പെണ്‍കൊടി നീ മണിത്തമ്പുരുവാക്കുമീ
മണ്‍കുടം പാടാത്തതെന്തേ
നിന്നെ ഞാനെന്‍ ദുഃഖമെന്നറിയുന്നു
നിന് കണ്‍കളിലെന്‍ നിഴല്‍ കാണ്മൂ
നിന്ദിതയാം ഭൂമി നന്ദിനി, നിന്
കണ്ണീര് എന്‍ തൂവലീറനാക്കുന്നൂ
(ശ്രാവണ...)
മൂടുപടങ്ങള്‍ വലിച്ചെറിയൂ
നിന്റെ മൂകദുഃഖങ്ങളില്‍ നിന്നും
നാദങ്ങളാഗ്നേയനാദങ്ങളീ മണ്ണില്‍
നാഗഫണം നിവര്‍ത്താടും
ആളിപ്പടരുമീ യാഗാഗ്നിയില്‍
ദര്ഭനാളങ്ങളായ് നാമെരിയും
നാളെ ഉയര്‍ത്തെഴുന്നേല്‍ക്കും
തുടുകതിര്നാളങ്ങളായ് നാമിനിയും
(ശ്രാവണ...)