ഇന്ദ്രനീല നഭസ്സില്‍ മുങ്ങിയ
ഇന്ദീവരനയനനെ കണ്ടു!
ചന്ദ്രോദയം കണ്ടു, ചന്തത്തിലങ്ങനെ
ചെന്താമരാക്ഷനെ കണ്ടു!
(ഇന്ദ്രനീല)
നിര്‍മ്മാല്യം കണ്ടു നിർന്നിമേഷാക്ഷനായ്
നമ്രശിരസ്കനായ് നില്‍ക്കെ!
മന്ത്രധ്വനികളില്‍ നൂപുരം മീട്ടുന്ന
സോപാനസംഗീതം കേട്ട്
ഹര്‍ഷപുളകിതനായ് നില്ക്കും!
കണ്ണന്റെ മുരളീഗാനത്താലെന് ഹൃത്തില്‍
ഹര്ഷോന്മാദം കൊണ്ടു നിറഞ്ഞു!
(ഇന്ദ്രനീല)
തിങ്കള്ത്തെളിനീരിലാറാടും ഭഗവാന്റെ
തങ്കവിഗ്രഹം ഞാന്‍ കണ്ടു!
വിശ്വപ്രകൃതിയില്‍ വീണ മീട്ടുന്ന
നാരായണീയം കേട്ട്
ഹര്‍ഷപുളകിതനായ് നില്ക്കും!
കണ്ണന്റെ മുരളീഗാനത്താലെന് ഹൃത്തില്‍
ഹര്ഷോന്മാദം കൊണ്ടു നിറഞ്ഞു!
(ഇന്ദ്രനീല)