വചനമേ....സ്നേഹാര്‍ദ്ര ഗാനമായ് മാറുകെന്
ജീവന്റെ പാഴ്മുളം തണ്ടില്‍
മേഘമേ....ഒരു തുള്ളി വെള്ളമായ് വീഴുകീ
പിടയുന്ന മനുജനു വേണ്ടി.....
കിളികളേ.....അലിവിന്റെ മറുപാട്ടു പാടുകീ
ഓമനക്കുഞ്ഞിനു വേണ്ടി.....
പൂക്കളേ....പൂമെത്ത നീര്‍ത്തുക വീഥിയി-
ലലയുന്ന പഥികന്നു വേണ്ടി.....
പുഴകളേ....നിങ്ങളീ മരുഭൂവിലെത്തുക
കനിവിന്റെ മുളകള്‍ക്കു വേണ്ടി
നുരയുന്ന വിദ്വേഷ ലഹരിയില്‍
അറിവിന്റെ പുലരിയായ് മാറുക
പാവന പ്രേമമേ.....
മാതൃവാത്സല്യമേ കണ്ണീര് തുടയ്ക്കുകീ
ഉണ്ണി തന് ദുഃസ്വപ്നരാവില്
വിശ്വത്തിലെങ്ങും നിറയും വെളിച്ചമേ...
നേരില്‍ നടത്തുകെന് ചിന്താശതങ്ങളെ...
ജീവിതപ്പൂമരത്തണലിന്റെ കീഴില്‍
ദൈവമേ...ഞങ്ങളെ ഒന്നായ് നയിക്കുക
മാനവരാശി തന് നന്മയ്ക്കു കൈ കോര്‍ത്തു-
പാടുവാന്‍ മാത്രമീ സ്നേഹഗാഥ...