ആരൊരാള്‍ പുലര്‍മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് നിന് മനസ്സിന് ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലി വിടരും നീലമുകിലേ ഓ... ഓ...
(ആരൊരാള്‍)
രാവേറെയായിട്ടും തീരേയുറങ്ങാതെ
പുലരുംവരെ വരവീണയില്‍ ശ്രുതിമീട്ടി ഞാന്‍
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോള്‍
അഴിവാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്ക്കും ദീപമേ എരിഞ്ഞാലും
മായുവാന്‍ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരാ...
(ആരൊരാള്‍)
പൂവിന്റെ പൊന്‍താളില്‍ ഞാന്‍ തീര്‍ത്ത ഗീതങ്ങള്‍
പ്രിയമോടെ വന്നെതിര്പാടുമെന് കുയിലാണു നീ
മാറത്തു നീ ചാര്‍ത്തും പൂണൂലുപോല് നിന്നെ
പുണരുന്നു എന്‍ തളിര്‍മെയ്യിലെ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങീ നിന് നെഞ്ചിലെ നിലാശംഖില്‍
കുങ്കുമം കുതിര്‍ന്നു എന്‍ ചുണ്ടിലെ ഇളം കൂമ്പില്‍
വിളിക്കാതെ വന്ന കൂട്ടുകാരാ...
(ആരൊരാള്‍)