അരളിയും കദളിയും പൂവിടും കാടിന്റെ
കരളിലിരുന്നു പൊന്മുരളിയൂതും
അറിയാത്ത പാട്ടുകാരാ നിന്റെ-
യരികിലേക്കിന്നു ഞാനോടിവന്നു
ഓടിവന്നു....
(അരളിയും)
മധുരമാമേതോ മകുടിതന് നാദം
കേട്ടുണരുന്ന നാഗിനിപോലെ
പാടി വിളിക്കുന്ന പാല്ക്കടലിന്നേര്ക്ക്
പായുന്ന വാഹിനിപോലെ
അണയുന്നു! ഓടിയണയുന്നു
(അരളിയും)
അളിനീലവേണിയഴിഞ്ഞുലഞ്ഞഞ്ജന
പരിവേഷമാര്ന്നൊരു ചേലില്
ആദിജന്മത്തില് നീ കണ്ടുകൊതിച്ചവ-
ളാണിന്നും പിന്തുടരുന്നു
തിരയുന്നു! നിന്നെ തിരയുന്നു
(അരളിയും)