അമ്മയും നീ, അച്ഛനും നീ
ആദ്യം കണ്ട വെളിച്ചവും നീ
അറിവും നീ, അഭയവും നീ
അമ്പാടി കൃഷ്ണാ ശ്രീകൃഷ്ണാ (അമ്മയും..)
വിളിക്കുമ്പോൾ ഞങ്ങൾക്കു കാണേണം
വിശക്കുമ്പോൾ ഞങ്ങൾക്കു ചോറുവേണം
അമ്മയുപേക്ഷിച്ച കുഞ്ഞുങ്ങൾ ഞങ്ങൾ
അമ്മിഞ്ഞ കാണാത്ത കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ (അമ്മയും..)
മേലോട്ടു നോക്കിയാലാകാശം
താഴോട്ടു നോക്കിയാൽ തരിശുനിലം
താരാട്ടു പാടുവാനാളില്ല
താലോലമാട്ടുവാനാളില്ല , ആളില്ല (അമ്മയും)
ഉറങ്ങുമ്പോൾ കൂടെവന്നുറങ്ങേണം
കരയുമ്പോൾ ഞങ്ങൾക്കു പാലുവേണം!
അച്ഛനുപേക്ഷിച്ച കുഞ്ഞുങ്ങൾ
ആരോരുമില്ലത്ത പാവങ്ങൾ, പാവങ്ങൾ! (അമ്മയും)