സ്വര്‍ണ്ണമുരുക്കിയൊഴിച്ചപോലെ
മഞ്ഞളുവെട്ടിമുറിച്ചപോലെ
കുന്നത്തുള്ള വിളക്കു പോലെ
കണ്ണൂര്‍ക്കാരി പെണ്‍കൊടി ഞാന്‍
മാമാങ്കനാട്ടിന്റെ മാറില്‍ വളര്‍ന്നൊരു
മാലാഖ പോലുള്ള പെണ്‍കൊടി ഞാന്‍
മഞ്ഞിന്റെ തട്ടത്തില്‍ താമരപ്പൂവുപോല്‍
മന്ദഹസിക്കുന്ന സുന്ദരി ഞാന്‍
പിന്നില്‍ മാരന്റെ തേരിന്റെ ഭാരം
ഒന്നരമുണ്ടിന്റെ സൗന്ദര്യപൂരം
മിന്നുന്നതക്കയും തോടയും ചാര്‍ത്തിയ
കിന്നരിപ്പെണ്ണു ഞാന്‍ തൃശൂര്‍ക്കാരി
പാലമരപ്പൂമണവും
പാല്മൊഴിയും പൂണ്ടവള്‍ ഞാന്‍
പാലക്കാടന്‍ മാമലകള്‍
താലോലിച്ച പെണ്‍കൊടി ഞാന്‍
പൊന്നിന്റെ നിറവുള്ള കന്നിമോളു്
ഞാനൊരു മിന്നുന്ന തട്ടമിട്ട പൂമോളു്
മലപ്പുറത്തുള്ളൊരു മാണിക്യക്കല്ലു്
മയിലാഞ്ചി നിറമുള്ള മിനുസപ്പൂവു്
കച്ചയില്‍ താരുണ്യ ഭാരമൊതുക്കിയ
പച്ചതുരുത്തിലെ കൊച്ചുറാണി
ഷിപ്പുയാര്ഡില് നിന്നുമാദ്യമിറക്കിയ
കപ്പലുപോലെ മനോഹരി ഞാന്‍
തേയിലക്കാട്ടിലും നീലമലയിലും
പാടിപ്പറക്കുന്ന പെണ്‍കൊടി ഞാന്‍
നാടന്‍പാട്ടിന്റെ ലാളിത്വമേലുന്ന
ഗ്രാമത്തിന്റെ കുമാരിക ഞാന്‍
ചോരചിന്തിയവീരവിപ്ലവ
ഭൂവിലുള്ളൊരു കന്യക ഞാന്‍
ആളിപ്പടരും തീജ്ജ്വാല
നൂതനവിപ്ലവസൗന്ദര്യം
മണിമോതിരകയ്യിലൊരു പുഷ്പതാലം
മദനന്റെ വില്ലൊടിക്കും പുരികജാലം
കളിവഞ്ചിപോലെയുലഞ്ഞാടിയെത്തും
തിരുവഞ്ചി നാട്ടിലുള്ള മങ്കയാണു ഞാന്‍
ഗിത്താറിന് സ്വരധാരയിലൊരു
നൃത്തം ചെയ്യും പെണ്‍കൊടി ഞാന്‍
മദ്യസരിത്തില് മുങ്ങിയുയര്‍ന്ന
മനോഹര മദിരാചഷകം ഞാന്‍