കൊന്നപ്പൂപ്പൊന്‍നിറം മെയ്യില്‍ മുത്താരം
കുടമുല്ലത്തേന്‍കണം ചിന്നും കിന്നാരം
മുഖമലരമ്പിളീ കണിയുണര്...
കനവിന് കാല്‍ത്തളയില്‍ കനകമണികളണിയണിയ്
(കൊന്നപ്പൂ)
ആരിയന്‍പാടവും അരിയൊരു പൂമ്പുഴയും
അരമണിക്കിങ്ങിണിയായ് മിന്നുകയോ
ഓരിലത്താമര തളിരിലകുമ്പിളുമായ്
കുനുമണിത്തുമ്പികളേ പോരുകയോ
പാല്‍മണം പെയ്യുമീ പവിഴനിലാവില്‍
ചെമ്പൊന്നിന്‍ ചേലുള്ള തിങ്കള്‍തിടമ്പൊന്നെന്‍
നെഞ്ചില്‍ തിളങ്ങിത്തുളുമ്പുന്നുണ്ടേ
ചെങ്കദളിത്തേനിറ്റും ചില്ലുമണിപ്പൂവൊന്നെന്‍
കണ്ണിണയില്‍ ചാഞ്ചാടിപ്പാടുന്നുണ്ടേ
(കൊന്നപ്പൂ)
മോതിരക്കൈവിരലാല്‍ മണിമുടി മാടിയപ്പോള്‍
മനസ്സൊരു തംബുരുവായ് മൂളുകയോ
താരകത്തോടകളും തരിമണിപ്പൊന്നലുക്കും
അടിമുടി നിന്നുടലില്‍ മൂടുകയോ
കാറണിക്കോലയില് പൊന്‍തഴപ്പായില്‍
താംബൂലത്താലത്തില് താലോലം കൈപൊത്തി
കണ്ണാരം തില്ലാനപ്പാട്ടും പാടി
ചില്ലുവിളക്കാടാടും കുഞ്ഞുതിരിത്തുമ്പൂതി
തെല്ലിരുളില് തഞ്ചത്തില്‍ തമ്മില്‍ച്ചേരാന്‍
(കൊന്നപ്പൂ)