ഒന്ന് ഒന്ന്
ദൈവമൊന്ന് അമ്മയൊന്ന് മനുഷ്യനു മതമൊന്ന്
രണ്ട് രണ്ട്
കണ്ണു രണ്ട് കാതു രണ്ട് ആനയ്ക്കു കൊമ്പു രണ്ട്
രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്
ഒന്നും രണ്ടും കൂട്ടിയാൽ മൂന്ന്
തെങ്ങിൽ വിളയും തേങ്ങയ്ക്കും ഗംഗാനാഥൻ ഭഗവാനും
കണ്ണുകൾ മൂന്നല്ലോ
ബ്രഹ്മാ വിഷ്ണു മഹേശ്വരരാം മൂർത്തികൾ മൂന്നല്ലോ
മൂന്നും ഒന്നും കൂട്ടിയാൽ നാല്
രണ്ടും രണ്ടും കൂട്ടിയാൽ നാല്
ചെമ്മരിയാട്ടിൻ കുട്ടിയ്ക്കും പുള്ളിപ്പശുവിൻ കിടാവിനും
കാലുകൾ നാലല്ലോ
സൃഷ്ടി നടത്തും ബ്രഹ്മാവിനും മുഖങ്ങൾ നാലല്ലോ
നാലും ഒന്നും അഞ്ച്
മൂന്നും രണ്ടും അഞ്ച്
പഞ്ചേന്ദ്രിയങ്ങൾ അഞ്ച്
പഞ്ചഭൂതങ്ങളുമഞ്ച്
പഞ്ചശീലങ്ങളുമഞ്ചാണെങ്കിൽ പഞ്ചവാദ്യങ്ങളും അഞ്ചല്ലോ
അഞ്ചും ഒന്നും ആറ്
മൂന്നും മൂന്നും ആറ്
മുരുകനു മുഖങ്ങളാറ്
ഋതുക്കളാകെയുമാറ്
ഷഢംഗമെന്നതുമാറാണെങ്കിൽ ഷഡ് കർമ്മങ്ങളുമാറല്ലോ
ആറും ഒന്നും ചേർന്നാൽ ഏഴ്
നാലും മൂന്നും ചേർന്നാൽ ഏഴ്
ഞായർ തിങ്കൾ ചൊവ്വ ബുധൻ
വ്യാഴം വെള്ളി ശനി ഏഴ്
നിറങ്ങളേഴ് സ്വരങ്ങളേഴ്
സാഗരങ്ങളുമേഴ്
ഏഴും ഒന്നും എട്ട്
നാലും നാലും എട്ട്
ദിക്കുകൾ എട്ടല്ലോ
അവയ്ക്ക് പാലകരെട്ടല്ലോ
കഷ്ടങ്ങൾ എട്ടും കളഞ്ഞീടാം
ഗുണങ്ങളെട്ടും നേടാം
എട്ടും ഒന്നും ഒൻപത്
അഞ്ചും നാലും ഒൻപത്
ധാന്യങ്ങളൊൻപതല്ലോ
ഭാവരസങ്ങളൊൻപതല്ലോ
ഗൃഹങ്ങളൊൻപതുമതു പോലെ
രത്നങ്ങളൊൻപതെന്നറിയൂ
ഒൻപതും ഒന്നും പത്ത്
ദശമെന്നതുമീ പത്ത്
ദശപാപങ്ങൾ കഴുകിക്കളഞ്ഞ്
ദശപുഷ്പങ്ങൾ ചൂടിക്കൊണ്ട്
ദശരഥ പുത്രനെ നിത്യം വണങ്ങി
ദശ ദശ വർഷം വാണീടാം