പുന്നാരപ്പൂവിലും കൊത്തി പൊന്‍ മൈന
തേന്‍ മാന്തളിരൂറ്റി ...
പുന്നാഗപ്പൂഞ്ചില്ലയാട്ടി പെണ് മൈന
പൂമാനസം മീട്ടി...ഈ തീരം പുല്കുമ്പോള്
മയ്ത്താരം കാട്ടുമ്പോള്‍
എന്തേ നിന് മൌനം എന്നെക്കൊഞ്ചിച്ചൂ
കണിമുത്തുകള് കൊത്തിയ തത്തകളെത്തിപ്പോയ്
കുളിരുമ്മകള്‍ തമ്മിലുരുമ്മിയ മധുരം പോല്‍
പുന്നാരപ്പൂവിലും കൊത്തി പൊന്‍ മൈന
തേന്‍ മാന്തളിരൂറ്റി...
മഞ്ചാടിക്കുന്നില്‍ നെഞ്ചേറി നിന്നില്‍
മോഹങ്ങള്‍ മോദങ്ങളായ്
കല്യാണിക്കുയിലിന് തില്ലാനകേട്ടെന്
കൌമാരം കളവാണിയായ്...
സന്ധ്യ പെയ്തു സിന്ദൂരം
ചന്തമേതു താഴ്വാരം
താലിതീര്ത്ത മാംഗല്യം
നേടി നിങ്ങള്‍ സാഫല്യം
കുളിരല പാകണ കുരവയുമായ്
കതിരണി മണ്ഡപമുണരുകയായ്
പുടവകള്‍ നെയ്യണ പുതുവെയിലിന്‍
പുടമുറി കൂടണ പുലരികളില്‍
എത്രനാളാണിങ്ങനെയിവളിനിയും.....
(പുന്നാരപ്പൂവിലും...)
സഞ്ചാരിക്കാറ്റിന് ചിറകേറിയിന്നും
സ്വപ്നങ്ങള്‍ ദൂതിന്നുപോയ്
കണ്ണാടിനീട്ടി കലമാനക്കാട്ടില്
കല്‍പ്പാത്തിപ്പുഴ നീന്തിപ്പോയ്
മാഘമേഘ സംഗീതം
മൂകമുള്ളില് മൂളുന്നൂ
ഗ്രാമശ്യാമസൌന്ദര്യം
പ്രേമതീർത്ഥമാടുന്നൂ
എന്നിനിയവയുടെ കഥ ചമയും
എന്നിനിയവയുടെ സുഖമണിയും
എങ്ങനെയവയുടെ കനവറിയും
എങ്ങനെയവയുടെ നിനവറിയും
എങ്കിലുമീ ഹോ പെണ്മനമവനിറയും....
(ഓ..പുന്നാരപ്പൂവിലും...)