തിരുവഞ്ചിയൂരോ തൃശ്ശൂരോ
തിരുനെല്ലൂരോ നെല്ലൂരോ
പണ്ടെങ്ങാണ്ടൊരു രാജപ്പെണ്കിടാവുണ്ടായിരുന്നു പോല്‍
കുന്നത്തു ചന്ദ്രനുദിച്ചതു പോലൊരു
കുഞ്ഞായിരുന്നൂ പോല്‍-അവള്
കണ്ണില്‍ കൃഷ്ണമണികളില്ലാത്തൊരു
പെണ്ണായിരുന്നൂ പോല്‍
പകലും രാത്രിയും അറിയാതെ
പുഴകളും പൂക്കളും അറിയാതെ
എന്നും കറുത്തവെളിച്ചവും കണ്ടാ
പെണ്ണുവളര്ന്നൂ പോല്‍ - കാണികള്‍ക്കെല്ലാം
കണ്ണുനിറഞ്ഞൂ പോല്‍
കണ്ടാലറിയാത്ത ദൈവങ്ങളോടവള്
കണ്ണൂചോദിച്ചൂ പോല്‍- ഇരുള്
കണ്ണല്ലാത്തവയെല്ലാമവള്ക്കന്ന്
പൊന്നായിരുന്നൂ പോല്‍
ഒരുനാളവള്വാഴും അരമനയില്‍
ഒരുഗാനഗന്ധര്വ്വന് ചെന്നൂ പോല്‍
തന്നകക്കണ്ണിലെ കൃഷ്ണമണികളാ
പെണ്ണിനു നല്കീ പോല്‍
അന്നവളൊന്നാം പുഞ്ചിരികണ്ടൂപോല്