കടലിന്നക്കരെ കടലിന്നക്കരെ
കടലമ്മയ്ക്കൊരു കൊട്ടാരം
കൊട്ടാരത്തിലെ കൊച്ചുപെണ്ണേ നിന-
ക്കെവിടുന്നു കിട്ടീ മുത്താക്ക്?
അമ്പിളിമാമന് കുളിക്കാന്‍ വന്നപ്പം
സമ്മാനം തന്നതീ മുത്താക്ക്
മാനത്തു നിന്നെന്റെ നൃത്തം കണ്ടിട്ട്
മാനിച്ചു തന്നതീ മുത്താക്ക്
നൃത്തം വയ്ക്കും കൊച്ചുപെണ്ണേ നിന-
ക്കെവിടുന്നു കിട്ടിയീ പാദസരം?
ആഴിക്കക്കരെ പാടാന്‍ പോയപ്പം
അവിടുന്നു കിട്ടിയീ പാദസരം
പാട്ടുപാടും കൊച്ചുപെണ്ണേ നിന-
ക്കെവിടെന്നു കിട്ടിയീ പുല്ലാങ്കുഴല്‍ ?
കടലിന്നക്കരെ കാണാന്‍ വന്നപ്പം
കാമുകന് തന്നതീ പുല്ലാങ്കുഴല്‍
കടലിന്നക്കരെ പുല്ലാങ്കുഴലുമായ്
കാത്തിരിക്കുന്നവനാരാണ്?
കണ്ടാലിങ്ങനെ കിന്നാരം ചോദിക്കും
കല്യാണച്ചെക്കനിന്നാരാണ്?