ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായു് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തൊടുന്നതും
അഞ്ചിതള്‍ പൂക്കളായു് കൈയ്യാട്ടി നില്‍പ്പതും
അമ്പലപ്രാവായു് നീ കുറുകുന്നതും
ആയിരം പുഴകളുടെ ഓളങ്ങളായു് എന്റെ
ആത്മഹര്ഷങ്ങള്ക്കു് താളം പിടിപ്പതും
പൂവാകയായു് പുത്തിലഞ്ഞിയായു് കൊന്നയായു്
പുത്തനാം വര്‍ണ്ണക്കുടകള്‍ മാറുന്നതും
കൂമന്റെ മൂളലായു് പേടിപ്പെടുത്തി നീ
കുന്നിന്റെ കൂകലായു് പേടി മാറ്റുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍
നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊരുക്കി വെയ്ക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെ തോളിലേറ്റുന്നതും
എന്നെയുണര്‍ത്തുവാന്‍ എന്നെയമൃതൂട്ടുവാന്
കദളിവനഹൃദയനിഡത്തിലൊരു കിളിമുഖം
അടവച്ചു കവിതയായു് നീ വീരിയിച്ചതും
ജ്യോതണിക്കോണുവില് തരളമെന്‍ വാഴ്വിനൊരു
നളിനദളമായി നീ താങ്ങായി നില്‍പ്പതും
അറിവെന്നുമായി എന്നില്‍ നിറയുന്നു നി
എന്റെ അമൃതമേ നിന് സ്മൃതികള്‍ മാത്രം
ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ
അരിയനിന്‍ ചിറകിന്റെ ഒരു തൂവലിന് തുമ്പില്‍
ഒരു മാത്രയെങ്കിലൊരുമാത്രയെന് വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ (3)